US, Israel launch attack on Iran ടെഹ്റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രമണം നടത്തി. നഗരത്തിലുടനീളം ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായും ആകാശം പുകപടലങ്ങളാല്‍ നിറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
|
ടെഹ്റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജംഹൂരി പ്രദേശം എന്നിവിടങ്ങളില്‍ മിസൈലുകള്‍ പതിച്ചതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ടെഹ്റാനിലെ സയ്യിദ് ഖന്ദാന്‍ മേഖലയിലും സ്‌ഫോടനങ്ങള്‍ നടന്നതായി തസ്‌നീം വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ഇസ്രായേലിന് നേരെയുള്ള ഭീഷണികള്‍ ഇല്ലാതാക്കാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് അവകാശപ്പെട്ടു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് യുഎസ് ഈ സംയുക്ത നീക്കത്തില്‍ പങ്കാളികളായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പരമോന്നത നേതാവ് അയത്തുള്ള അലി ഖാംനഇയുടെ ഓഫീസിന് സമീപമാണ് ആക്രമണം നടന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഖാംനഇയെ സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേലില്‍ അടിയന്തരാവസ്ഥ
ആക്രമണത്തെത്തുടര്‍ന്ന് ഇസ്രായേലില്‍ സൈറണുകള്‍ മുഴങ്ങുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ഇസ്രായേല്‍ സൈന്യം നിര്‍ദ്ദേശിച്ചു. ഇസ്രായേലിലെ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടുകയും വ്യോമപാത ഭാഗികമായി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഖത്തറിലെ യുഎസ് എംബസി തങ്ങളുടെ ഉദ്യോഗസ്ഥരോടും പൗരന്മാരോടും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാന്‍ (Shelter-in-place) നിര്‍ദ്ദേശിച്ചു. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഈ ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.





