Iran missile attack in Bahrain ബഹ്റൈനിലെ സല്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഒരാള്‍ മരിച്ചു. ഏഷ്യന്‍ പ്രവാസി തൊഴിലാളിയാണ് മരിച്ചത്. സംഭവത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
|
ഇറാന്റെ ശക്തമായ മിസൈല്‍ വര്‍ഷം പ്രതിരോധിച്ചതിന് പിന്നാലെ അവശിഷ്ടങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ പതിക്കുകയായിരുന്നുവെന്ന് ബഹൈറാന്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഒരു വിദേശ കപ്പലില്‍ തീപിടുത്തം ഉണ്ടായതായും, ഇതാണ് മരണത്തിന് കാരണമായതെന്നും ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സംഭവം അറിഞ്ഞയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീ അണച്ചു. നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതിരോധിച്ച് സൗദി അറേബ്യ
പശ്ചിമേഷ്യയില്‍ ഇറാന്റെ നേതൃത്വത്തില്‍ നടന്ന വ്യാപകമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ അതിശക്തമായി പ്രതിരോധിച്ച് സൗദി അറേബ്യ. മേഖലയില്‍ യുദ്ധസമാനമായ സാഹചര്യമുണ്ടെങ്കിലും സൗദി അറേബ്യയില്‍ വലിയ ആഘാതങ്ങളില്ലെന്നും ജനജീവിതം പൂര്‍ണമായും സാധാരണ നിലയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ALSO READ: ഇറാന്‍ തിരിച്ചടിയില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു; ഇസ്രായേലില്‍ 9 മരണം
ശനി, ഞായര്‍ ദിവസങ്ങളിലായി സൗദിയിലെ മൂന്ന് തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈലുകള്‍ അയച്ചത്. തലസ്ഥാനമായ റിയാദ്, എണ്ണസമ്പന്നമായ കിഴക്കന്‍ പ്രവിശ്യ, അതിര്‍ത്തി നഗരമായ ജിസാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു ആക്രമണശ്രമം.
അമേരിക്കന്‍ നിര്‍മിത ‘പാട്രിയറ്റ്’, ‘താഡ്’ എന്നീ അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശത്രു മിസൈലുകളെ ആകാശത്തുവെച്ച് തന്നെ സൗദി വ്യോമസേന തകര്‍ത്തു. മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തെത്തുംമുമ്പേ നിഷ്പ്രഭമാക്കാന്‍ സാധിച്ചതിനാല്‍ രാജ്യത്ത് നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
യുദ്ധഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും സൗദി അറേബ്യയില്‍ കാര്യങ്ങള്‍ സാധാരണ ഗതിയിലാണ്. രാജ്യത്തിനകത്തെ വിമാന സര്‍വീസുകളും പൊതുഗതാഗതവും തടസ്സമില്ലാതെ തുടരുന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിദേശ വിമാന സര്‍വീസുകളില്‍ ചില ക്രമീകരണങ്ങളും താളംതെറ്റലുകളും ഉണ്ടായിട്ടുണ്ട്. സൗദി എയര്‍ലൈന്‍സിന്റെ വിദേശസര്‍വിസുകള്‍ ചിലത് താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
അരാംകോ ഉള്‍പ്പെടെയുള്ള പ്രധാന എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച രാവിലെ ഒമാനിലെ ദുകം തുറമുഖത്തിന് നേരെ ഉണ്ടായ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. അയല്‍രാജ്യങ്ങളുടെ പരമാധികാരം ലംഘിക്കുന്ന ഇറാന്‍ നടപടി ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കി.
സൗദിയിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോയ ജി.സി.സി പൗരന്മാര്‍ക്ക് സൗജന്യ താമസവും ഭക്ഷണവും ഉറപ്പാക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. സൗദിയിലുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് തങ്ങളുടെ നാട്ടിലേക്ക് വിളിക്കാന്‍ സൗദി ടെലികോം കമ്പനി മൂന്ന് ദിവസത്തേക്ക് സൗജന്യ കോള്‍ സൗകര്യം ഏര്‍പ്പെടുത്തി.




