04
Mar 2026
Wed
04 Mar 2026 Wed
woman arrested for stealing gold chain from priests house

പ്രശ്നപരിഹാരം തേടി പൂജാരിയെ കാണാനെത്തി 12 പവന്റെ മാല മോഷ്ടിച്ച യുവതി പിടിയിൽ. തൃശൂർ കൊടകര പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ(26)യാണ് തൃശൂർ റൂറൽ പോലീസിന്റെ പിടിയിലായത്. പൂജാരിയായ മറ്റത്തൂർ മൂലംകുടം സ്വദേശി അജേഷിന്റെ ഭാര്യയുടെ സ്വർണമാലയാണ് സൂര്യ അപഹരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെബ്രുവരി 16നാണ് കേസിനാസ്പദമായ സംഭവം. പൂജാരിയുടെ കിടപ്പുമുറിയിലെ അലമാരയ്ക്കു‌ള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന മാലയാണ് മോഷണം പോയത്. യുവതി പ്രശ്നപരിഹാരത്തിനായി ഇടക്കിടെ പൂജാരിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഈ പരിചയം മുതലാക്കിയാണ് പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് പ്രതി തന്ത്രപൂർവം അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾ കൈവശപ്പടുത്തിയത്. കേസിന്റെ ആദ്യഘട്ടത്തിൽ പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച സ്വർണം യുവതി കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിൽക്കുകയും ഈ പണം കൊണ്ട് പ്രതി പുതിയ സ്വർണാഭരണങ്ങളും, വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങുകയും പണയത്തിലിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുക്കുകയും ചെയ്തു. കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെർലിൻ വി സ്കറിയ, സബ് ഇൻസ്പെക്ടർ കൃഷ്ണ പ്രസാദ്, സുരേഷ് ഇ എ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഷീബ അശോകൻ, ഷൈജി കെ ആന്റണി, ആഷ്ലിൻ ജോൺ, ജി എസ് സി പി ഒ ഡെനിൻ കെ ജെ, അഭിലാഷ് എം എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ALSO READ:ബാലരാമപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍