മംഗളൂരു: ഉള്ളാള്‍ ജുമാമസ്ജിദിന് സമീപം ബോംബ് സ്‌ഫോടനം നടത്തുമെന്ന് സോഷ്യല്‍ മീഡിയ വഴി ഭീഷണി ഉയര്‍ത്തി ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭട്കല്‍ ദേവിനഗര്‍ സ്വദേശി ശങ്കര്‍ മസ്തപ്പ മോഗറാണ്(35) അറസ്റ്റിലായത്. ‘ശങ്കര്‍11916’ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ നിന്നായിരുന്നു പോസ്റ്റ്.
|
‘സപ്പോര്‍ട്ട് മാഡി ബ്രോ ഉള്ളാല്‍ മസ്ജിദ് ഹത്ര ബോംബ് സ്‌ഫോടനം മദ്തിനി’ (എന്നെ പിന്തുണയ്ക്കൂ സഹോദരാ, ഞാന്‍ ഉള്ളാല്‍ പള്ളിക്ക് സമീപം ഒരു ബോംബ് സ്‌ഫോടനം നടത്തും) എന്നായിരുന്നു ഇയാളുടെ പോസ്റ്റ്. ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി എത്തി.
ചൊവ്വാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാമര്‍ശം പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പ്രതിയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഭീഷണി മുഴക്കുകയോ സാമുദായിക ഐക്യം തകര്‍ക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡി വ്യക്തമാക്കി.





