12
Mar 2026
Thu
12 Mar 2026 Thu
Iran peace

ടെഹ്റാന്‍: ചര്‍ച്ചകളിലൂടെ എങ്ങിനെയെങ്കിലും യുദ്ധത്തില്‍ നിന്ന് തലയൂരാനുള്ള അമേരിക്കന്‍ നീക്കത്തിന് ഇറാന്റെ അനുകൂല പ്രതികരണം. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍, തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ഉപാധികള്‍ പാലിക്കണമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ സൂചന നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായും പാകിസ്ഥാന്‍ അധികൃതരുമായും നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇറാന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇതാദ്യമായാണ് നിലവിലെ സംഘര്‍ഷത്തിന് ശേഷം ഇറാന്‍ സമാധാനത്തിനായുള്ള ഉപാധികള്‍ പരസ്യമായി പ്രഖ്യാപിക്കുന്നത്.

ഇറാന്റെ പരമാധികാരവും അന്താരാഷ്ട്ര തലത്തിലുള്ള അവകാശങ്ങളും അമേരിക്കയും ഇസ്രായേലും ഔദ്യോഗികമായി അംഗീകരിക്കണം. ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച ആക്രമണങ്ങളില്‍ ഇറാന് ഉണ്ടായ സാമ്പത്തികവും സൈനികവുമായ കനത്ത നഷ്ടങ്ങള്‍ക്ക് കൃത്യമായ പരിഹാരം നല്‍കണം. ഭാവിയില്‍ ഇറാന്റെ മണ്ണില്‍ വീണ്ടും ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് അമേരിക്കയും ഇസ്രായേലും രേഖാമൂലം ഉറപ്പ് നല്‍കണം. റഷ്യയും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കണമെന്നും ഇറാന്‍ താല്പര്യപ്പെടുന്നു.

സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നേരിട്ട് ഇടപെടുന്നതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചു. പുടിന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച് സമാധാന നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിന് പാകിസ്ഥാനും സജീവമായ നീക്കങ്ങളാണ് നടത്തുന്നത്.

ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് സ്ഥാനമില്ലെന്ന് നേരത്തെ പറഞ്ഞിരുന്ന ഇറാന്‍, ഇപ്പോള്‍ ഉപാധികള്‍ മുന്നോട്ടുവെച്ചത് ശുഭസൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. എന്നാല്‍, ഇറാന്‍ ഉപാധികള്‍ അംഗീകരിക്കാന്‍ അമേരിക്കയും ഇസ്രായേലും തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്.