30
Jun 2026
Mon
30 Jun 2026 Mon
Livano Comenencia

ഹൂസ്റ്റണ്‍: തങ്ങളുടെ ചരിത്രത്തിലെ ആദ്യ ഫിഫ ലോകകപ്പ് മത്സരത്തില്‍ തന്നെ വമ്പന്മാരായ ജര്‍മ്മനിക്കെതിരെ ധീരമായ പോരാട്ടവീര്യം പുറത്തെടുത്ത് കരീബിയന്‍ ദ്വീപുരാഷ്ട്രമായ കുറസാവോ (Curacao). മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ഫെലിക്‌സ് ന്മേച്ചയിലൂടെ (Felix Nmecha) ജര്‍മ്മനി മുന്നിലെത്തിയെങ്കിലും, 21-ാം മിനിറ്റില്‍ മനോഹരമായ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ മടക്കി കുറസാവോ ലോകത്തെ ഞെട്ടിക്കുകയായിരുന്നു. 22 കാരനായ യുവതാരം ലിവാണോ കൊമെനെന്‍സിയയാണ് (Livano Comenencia) കുറസാവോയ്ക്കായി തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോള്‍ നേടി ചരിത്രത്താളുകളില്‍ ഇടംപിടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെതര്‍ലന്‍ഡ്‌സില്‍ ജനിച്ച് അവിടുത്തെ അണ്ടര്‍-18 ടീമിനായി കളിച്ചിട്ടുള്ള കൊമെനെന്‍സിയ, 2024 ഒക്ടോബറിലാണ് കുറസാവോയുടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിലവില്‍ സ്വിസ് സൂപ്പര്‍ ലീഗ് ക്ലബ്ബായ സൂറിച്ചിന് വേണ്ടിയാണ് ഈ താരം ബൂട്ട് കെട്ടുന്നത്. ഇതിന് മുന്‍പ് പ്രമുഖ ക്ലബ്ബുകളായ യുവന്റസിന്റെ റിസര്‍വ് ടീമിനായും പി.എസ്.വിക്കായും താരം കളിച്ചിട്ടുണ്ട്.

ALSO READ: പശ്ചിമേഷ്യന്‍ യുദ്ധത്തിന് അന്ത്യം; ജൂണ്‍ 19-ന് യു.എസ്-ഇറാന്‍ സമാധാന കരാര്‍ ഒപ്പുവെക്കും; പ്രഖ്യാപനവുമായി ട്രംപും ടെഹ്റാനും

വെറും ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള കുറസാവോ, ഫിഫ ലോകകപ്പ് ചരിത്രത്തില്‍ കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമായാണ് ഞായറാഴ്ച റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. ജര്‍മനിയോട് ഒന്നിനെതിരേ 7 ഗോളുകള്‍ക്കു തോറ്റെങ്കിലും അസാമാന്യ പോരാട്ട വീര്യമാണ് ഈ കുഞ്ഞന്‍ രാജ്യം പുറത്തെടുത്തത്.

നഷ്ടപ്പെടാന്‍ ഒന്നുമില്ല, നേടാന്‍ ഏറെയുണ്ട്: ഡിക്ക് അഡ്വക്കാറ്റ്

തങ്ങളുടെ കന്നി ലോകകപ്പ് മത്സരത്തിന്റെ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ പ്രമുഖ പരിശീലകന്‍ ഡിക്ക് അഡ്വക്കാറ്റാണ് (Dick Advocaat) ടീമിനെ പ്രാപ്തരാക്കിയത്. ‘സ്വഭാവികമായ കളി പുറത്തെടുക്കുക, ഒട്ടും പരിഭ്രാന്തരാകേണ്ടതില്ല. നിങ്ങളെ ലോകത്തിന് മുന്നില്‍ തെളിയിക്കാനുള്ള ഏറ്റവും വലിയ വേദിയാണിത്,’ എന്ന് മത്സരത്തിന് മുന്‍പ് കോച്ച് തങ്ങളോട് പറഞ്ഞതായി ഡിഫന്‍ഡര്‍ ഷുറാന്‍ഡി സാംബോ വ്യക്തമാക്കി.

തുടര്‍ച്ചയായ 21-ാം ലോകകപ്പ് കളിക്കുന്ന ജര്‍മ്മനിക്കെതിരെ കടുത്ത പ്രതിരോധമാണ് കുറസാവോ കാഴ്ച്ചവെച്ചത്. തങ്ങള്‍ വളരെ ചെറിയ രാജ്യമാണെങ്കിലും ജര്‍മ്മനിക്ക് മത്സരം അത്ര എളുപ്പമാക്കില്ലെന്ന് കോച്ച് അഡ്വക്കാറ്റ് വ്യക്തമാക്കിയിരുന്നു. നെതര്‍ലന്‍ഡ്‌സുമായുള്ള ശക്തമായ രാഷ്ട്രീയ ബന്ധം കാരണം ഒളിമ്പിക്‌സില്‍ കുറസാവോയ്ക്ക് സ്വന്തമായി രാജ്യമായി മത്സരിക്കാന്‍ അനുമതിയില്ല. ബേസ്‌ബോള്‍ ഉള്‍പ്പെടെയുള്ള മറ്റ് കായിക ഇനങ്ങളിലും ഈ ദ്വീപുരാഷ്ട്രത്തിലെ കളിക്കാര്‍ നെതര്‍ലന്‍ഡ്‌സിനെയാണ് പ്രതിനിധീകരിക്കാറുള്ളത്. അതിനാല്‍ തന്നെ ലോകകപ്പ് ഫുട്‌ബോള്‍ വേദിയിലെ ഈ ഗോള്‍ നേട്ടം രാജ്യത്തിന്റെ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുവര്‍ണ്ണ നിമിഷമായാണ് വിലയിരുത്തപ്പെടുന്നത്.

Livano Comenencia: Know All About Curacao’s 1st FIFA World Cup Goal-Scorer

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക