25
Mar 2026
Wed
25 Mar 2026 Wed
cpa latheef sdpi president

ബിജെപി ജയ സാധ്യത നോക്കി സ്ഥാനാര്‍ഥിയെ നിര്‍ത്തണോ എന്ന് തീരുമാനിച്ചാല്‍ എസ്ഡിപിഐക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബംഗ്ലാദേശില്‍ പോവേണ്ടി വരുമെന്ന് സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലും അവര്‍ വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെയും ലോകസഭാ തിരഞ്ഞെടുപ്പിലെയും കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ 30 സീറ്റുകളില്‍ ബിജെപിക്ക് നിര്‍ണായക സ്വാധീനമുണ്ട്. ഇതില്‍ 11 സീറ്റുകളില്‍ ബിജെപി ഒന്നാം സ്ഥാനത്തും 9 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തുമാണ്. 10 സീറ്റുകളില്‍ 1000 വോട്ടുകളില്‍ താഴെ വ്യത്യാസത്തിനാണ് മൂന്നാം സ്ഥാനത്തുള്ളത്.

എസ്ഡിപിഐ മുന്നോട്ട് വയ്ക്കുന്നത് പോസിറ്റീവ് പൊളിറ്റിക്‌സാണ്. മറ്റുള്ളവരുടെ ജയ, പരാജയ സാധ്യതകള്‍ പരിഗണിക്കാതെ സ്വയം ശാക്തീകരിക്കുക എന്നതാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

ഒരു പാര്‍ട്ടി വിജയിക്കുമോ ഇല്ലേ എന്നൊക്കെ നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിന് എസ്ഡിപിഐക്ക് മാത്രം ക്രൈറ്റീരിയ വെക്കുന്നത് എന്ത് കൊണ്ടാണെന്ന് സിപിഎ ലത്തീഫ് ചോദിച്ചു.

നേമത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്താണ്. അവിടെ ഇത്തവണ ബിജെപി സംസ്ഥാന പ്രസിഡന്റും കോര്‍പറേറ്റുമായ രാജീവ് ചന്ദ്രശേഖര്‍ ആണ് മല്‍സരിക്കുന്നത്. അവിടെ ആരും എന്ത് കൊണ്ടാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന യുഡിഎഫിനോട് ഈ ചോദ്യമുയര്‍ത്താത്തത് എന്നും അദ്ദേഹം ചോദിച്ചു.

മതേതര വോട്ടുകള്‍ ഭിന്നിക്കരുത് എന്ന ശിഹാബ് തങ്ങളുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. എസ്ഡിപിഐയുടെതും മതേതര വോട്ട് ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്ത് പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദം

മഞ്ചേശ്വരത്തെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ ബന്ധപ്പെടുന്നുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരുന്നുണ്ട്. അതില്‍ ആലോചിച്ച് കൃത്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.