30
Mar 2026
Mon
30 Mar 2026 Mon
iran attack kuwait

കുവൈറ്റ് സിറ്റി: ഇറാന്‍-അമേരിക്ക യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ കുവൈറ്റിലെ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെട്ടു. കുവൈറ്റിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് (Desalination Plant) നേരെ തിങ്കളാഴ്ചയാണ് ആക്രമണമുണ്ടായതെന്ന് കുവൈറ്റ് അധികൃതര്‍ സ്ഥിരീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈറ്റിലെ വൈദ്യുതി, ജല വിതരണത്തെ ബാധിക്കുന്ന പ്രധാന പ്ലാന്റിന് നേരെയുള്ള ഇറാന്റെ ആക്രമണത്തിലാണ് ഇന്ത്യന്‍ സ്വദേശി കൊല്ലപ്പെട്ടത്. പ്ലാന്റിലെ സര്‍വീസ് കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

പ്ലാന്റിന്റെ പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനുമായി അടിയന്തര രക്ഷാസംഘത്തെ സ്ഥലത്ത് വിന്യസിച്ചതായി കുവൈറ്റ് ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.

ALSO READ: ഇറാനില്‍ കരയുദ്ധത്തിനിറങ്ങാന്‍ യുഎസ്; ലക്ഷ്യം ഖാര്‍ഗ് ദ്വീപുകള്‍ അടക്കം പിടിച്ചെടുക്കല്‍

കഴിഞ്ഞ ഒരു മാസമായി കുവൈറ്റ് നിരന്തരമായ ആക്രമണങ്ങള്‍ നേരിടുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച വൈകുന്നേരം മാത്രം 14 മിസൈലുകളും 12 ഡ്രോണുകളുമാണ് കുവൈറ്റ് വ്യോമാതിര്‍ത്തിയില്‍ കണ്ടെത്തിയത്. ഇതില്‍ ഒരു സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ 10 സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

മേഖലയിലെ യുദ്ധസാഹചര്യം

യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാനില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതിന് തിരിച്ചടിയായി അമേരിക്കന്‍ സൈനിക താവളങ്ങളുള്ള പ്രാദേശിക രാജ്യങ്ങളെ ഇറാന്‍ ലക്ഷ്യം വെക്കുകയാണ്.

ALSO WATCH

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി തടഞ്ഞതോടെ ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരുകയും സാമ്പത്തിക വിപണികള്‍ തകരുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ 6 വരെ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ടെങ്കിലും, തങ്ങളുടെ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ ഗള്‍ഫ് മേഖലയിലെ എല്ലാ ഊര്‍ജ്ജ പ്ലാന്റുകളും തകര്‍ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ലോകത്തെ ഏറ്റവും വലിയ ജലക്ഷാമം നേരിടുന്ന മേഖലയില്‍ കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ വലിയ മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് ആശങ്കയുണ്ട്.