30
Mar 2026
Mon
30 Mar 2026 Mon
Nellai mubarak tamilnadu sdpi candidate

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യത്തിന്റെ (Secular Progressive Alliance) ഭാഗമായി മത്സരിക്കുന്ന എസ്ഡിപിഐ (SDPI) തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പാര്‍ട്ടിക്ക് അനുവദിച്ച നന്നിലം നിയമസഭാ മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ നെല്ലൈ മുബാറക് (വി.എം.എസ്. മുഹമ്മദ് മുബാറക്) ജനവിധി തേടും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈയിലെ പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ദഹ്ലാന്‍ ബാഖവിയാണ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

എഐഎഡിഎംകെ സഖ്യം വിട്ട് ഡിഎംകെ മുന്നണിയിലെത്തിയ എസ്ഡിപിഐക്ക് ഒരു സീറ്റാണ് അനുവദിച്ചിരിക്കുന്നത്. ഡിഎംകെയുടെ ‘ഉദയസൂര്യന്‍’ ചിഹ്നത്തിലായിരിക്കും പാര്‍ട്ടി മത്സരിക്കുക.

എസ്ഡിപിഐ ദേശീയ ട്രഷറര്‍ അബ്ദുല്‍ സത്താര്‍, ദേശീയ സെക്രട്ടറി യാ മുഹിയുദ്ദീന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗം രവിചന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ ഫാറൂഖ്, ജനറല്‍ സെക്രട്ടറിമാരായ നിസാം മുഹിയുദ്ദീന്‍, എ.കെ. കരീം തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

മുന്‍പ് നന്നിലം മണ്ഡലം ഏറ്റെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നേരിട്ട് നല്‍കിയ ഉറപ്പിന് പിന്നാലെ സംസ്ഥാന അധ്യക്ഷനെത്തന്നെ രംഗത്തിറക്കി ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് എസ്ഡിപിഐ.

മുസ്ലിം ലീഗ് നേതാക്കള്‍ എസ്ഡിപിഐ ആസ്ഥാനത്ത്

iuml leaders in sdpi office

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ എസ്ഡിപിഐ സംസ്ഥാന ആസ്ഥാനം സന്ദര്‍ശിച്ചു പിന്തുണ തേടി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും എംപിയുമായ നവാസ് കനിയുടെ നേതൃത്വത്തിലാണ് സ്ഥാനാര്‍ഥികള്‍ ചെന്നൈയിലെ ഓഫീസിലെത്തിയത്.

പാപനാശം മണ്ഡലത്തിലെ സ്ഥാനാര്‍ഥി ആടുതുറൈ എ.എം ഷാജഹാന്‍, വാണിയമ്പാടിയിലെ സ്ഥാനാര്‍ഥി എസ്.എസ്.പി. സയ്യിദ് ഫാറൂഖ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലായ് മുബാറക് ലീഗ് നേതാക്കളെയും സ്ഥാനാര്‍ഥികളെയും പൊന്നാട അണിയിച്ച് സ്വീകരിച്ചു.

ഭരണകക്ഷിയായ ഡിഎംകെ ഉള്‍പ്പെടെ എസ്ഡിപിഐയും മുസ്ലിം ലീഗും ഒരേ മുന്നണിയുടെ ഭാഗമായാണ് ഇത്തവണ മത്സരിക്കുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ഈ മുന്നണിയിലുണ്ട്. കഴിഞ്ഞ തവണ മൂന്ന് സീറ്റുകളില്‍ മത്സരിച്ച മുസ്ലിം ലീഗ് ഇത്തവണ രണ്ട് സീറ്റുകളിലാണ് ജനവിധി തേടുന്നത്. സഖ്യകക്ഷികള്‍ തമ്മിലുള്ള ഐക്യവും സഹകരണവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം.