Artemis II splashdown ലോസ് ആഞ്ചലസ്: അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചന്ദ്രനെ വലംവെച്ച് മനുഷ്യനെ ഭൂമിയിലെത്തിച്ച നാസയുടെ ചരിത്രദൗത്യം ‘ആര്‍ട്ടെമിസ് 2’ (Artemis II) വിജയകരമായി പൂര്‍ത്തിയായി. പത്ത് ദിവസം നീണ്ടുനിന്ന ബഹിരാകാശ യാത്രയ്ക്ക് ശേഷം വെളളിയാഴ്ച വൈകുന്നേരം 5:07-ന് (പ്രാദേശിക സമയം) കാലിഫോര്‍ണിയ തീരത്ത് പസഫിക് സമുദ്രത്തിലാണ് നാലംഗ സംഘം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.
|
അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന നാസയുടെ സുപ്രധാന ചുവടുവെപ്പാണ് ഇതോടെ പൂര്‍ത്തിയായത്. കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക്, കനേഡിയന്‍ ബഹിരാകാശ സഞ്ചാരി ജെറമി ഹാന്‍സെന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച യാത്ര
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് ആര്‍ട്ടെമിസ് 2 പുറപ്പെട്ടത്. ചന്ദ്രന്റെ മറുവശത്തുകൂടി സഞ്ചരിച്ച സംഘം, മനുഷ്യചരിത്രത്തില്‍ ഇതിനുമുമ്പ് ആരും സഞ്ചരിച്ചിട്ടില്ലാത്തത്ര ദൂരത്തേക്ക് (ഭൂമിയില്‍ നിന്നും ഏകദേശം 4 ലക്ഷം കിലോമീറ്റര്‍ അകലെ) എത്തിച്ചേര്‍ന്നു. ചന്ദ്രന്റെ ഉപരിതലം നിരീക്ഷിക്കുകയും സോളാര്‍ എക്ലിപ്‌സ് (സൂര്യഗ്രഹണം), ഉല്‍ക്കാപതനങ്ങള്‍ എന്നിവയ്ക്ക് ബഹിരാകാശത്ത് നിന്നും സാക്ഷ്യം വഹിക്കുകയും ചെയ്തു.
ചരിത്രത്തിലെ ആദ്യങ്ങള്‍
വിക്ടര്‍ ഗ്ലോവര്‍: ചന്ദ്രനെ വലംവെക്കുന്ന ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരന്‍.
ക്രിസ്റ്റീന കോക്ക്: ചന്ദ്രനിലേക്ക് എത്തുന്ന ആദ്യ വനിത.
ജെറമി ഹാന്‍സെന്‍: ചന്ദ്രനിലേക്ക് എത്തുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തി.
ഭൂമിയിലേക്കുള്ള മടക്കം
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോള്‍ കടുത്ത ചൂട് കാരണം കുറച്ചുസമയം ആശയവിനിമയം തടസ്സപ്പെട്ടെങ്കിലും (Blackout), പാരച്യൂട്ടുകളുടെ സഹായത്തോടെ ഒറിയോണ്‍ ക്യാപ്സ്യൂള്‍ വിജയകരമായി കടലില്‍ പതിച്ചു. നാസയുടെ റിക്കവറി ടീമുകള്‍ സഞ്ചാരികളെ പുറത്തെത്തിക്കാനുള്ള നടപടിക്രമങ്ങളിലേക്കു കടന്നു. ഇവരെ ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് വിശദമായ വൈദ്യപരിശോധനകള്‍ക്ക് വിധേയമാക്കും.
അടുത്ത ലക്ഷ്യം ചന്ദ്രനില്‍ ഇറങ്ങുക
ഭാവിയില്‍ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനുള്ള (Moon Landing) ആര്‍ട്ടെമിസ് 4 ദൗത്യത്തിന് മുന്നോടിയായുള്ള പരീക്ഷണ യാത്രയായിരുന്നു ഇത്. പേടകത്തിലെ താപകവചം (Heat Shield), ഓക്‌സിജന്‍ സംവിധാനങ്ങള്‍, നാവിഗേഷന്‍ എന്നിവയുടെ പ്രവര്‍ത്തനം ശാസ്ത്രജ്ഞര്‍ ഇനി വിശദമായി പരിശോധിക്കും.
‘നമ്മുടെ ഈ ഭൂമി പ്രപഞ്ചത്തിലെ വളരെ പ്രത്യേകതയുള്ളതും മനോഹരവുമായ ഇടമാണെന്ന് ലോകം ഒരു നിമിഷം ഓര്‍ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു,’ സുരക്ഷിതമായി മടങ്ങിയെത്തിയ ശേഷം മിഷന്‍ കമാന്‍ഡര്‍ വൈസ്മാന്‍ പ്രതികരിച്ചു. ഓരോ ദിവസവും ഒരു പാട്ട് കേട്ടുകൊണ്ടാണ് സഞ്ചാരികള്‍ ഉണര്‍ന്നിരുന്നത്. അവസാന ദിനമായ വെളളിയാഴ്ച സാക് ബ്രൗണ്‍ ബാന്‍ഡിന്റെ ‘ഫ്രീ’ എന്ന ഗാനമാണ് ഇവര്‍ക്കായി നാസ സമ്മാനിച്ചത്.





