കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ രക്ഷാപ്രവര്‍ത്തകന്‍ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയെന്ന പരാതിയില്‍ കേസെടുത്തു. മനുഷ്യാവകാശ കമ്മീഷന്‍ ആണ് കേസെടുത്തു. രക്ഷാപ്രവര്‍ത്തനം നടത്തിയ സിനില്‍ സബാദിനെതിരേയാണ് യുവതി പരാതിപ്പെട്ടത്.
സംഭവത്തില്‍ അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവി 15 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിനില്‍ സബാദിനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.
|
അതിജീവിതയുടെ രഹസ്യ മൊഴി മാവേലിക്കര മജിസ്ട്രേറ്റ് രേഖപ്പെടുത്തും. ഇതിനായി ആലപ്പുഴ സിജെഎം കോടതി മാവേലിക്കര മജിസ്ട്രേറ്റിന് നിര്‍ദേശം നല്‍കി.
ഏപ്രില്‍ നാലിനാണ് കായംകുളത്ത് വച്ച് യുവതിയടക്കമുള്ള സംഘം വാഹനാപകടത്തില്‍പെട്ടത്. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സിനില്‍ തന്നെ ലൈംഗികമായി ആക്രമിച്ചെന്നും ഈ സംഭവത്തില്‍ തനിക്കു പരിക്കേറ്റുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. പരാതിയില്‍ നിന്നു പിന്‍മാറാന്‍ തനിക്കു പണം വാഗ്ദാനം ചെയ്‌തെന്നും യുവതി ആരോപിച്ചിരുന്നു.




