KSRTC business class bus തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസിയുടെ ‘ബിസിനസ് ക്ലാസ്’ ബസുകള്‍ അടുത്തയാഴ്ച മുതല്‍ സേവനം തുടങ്ങും. ശുചിമുറി, കഫെറ്റീരിയ, പാന്‍ട്രി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര ബസ്സുകളാണ് നിരത്തിലിറങ്ങുന്നത്. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ട് ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.
|
യാത്രക്കാരെ സഹായിക്കാനായി എയര്‍ ഹോസ്റ്റസ് മാതൃകയില്‍ ‘ബസ് ഹോസ്റ്റസ്’ സേവനവും ലഭ്യമാകും. തിരുവനന്തപുരം – കൊച്ചി റൂട്ടിലാണ് ഈ പ്രീമിയം സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 5.15-ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെടുന്നതിന് പിന്നാലെ തന്നെ ബിസിനസ് ക്ലാസ് ബസും കൊച്ചിയിലേക്ക് തിരിക്കും.
ഇതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും സര്‍വീസ് ഉണ്ടാകും. രാവിലെ പത്ത് മണിക്ക് മുന്‍പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.
എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കില്‍ ഈ സ്റ്റോപ്പുകളും ഒഴിവാക്കും. ബസിനുള്ളിലെ പാന്‍ട്രിയില്‍ നിന്ന് ലഘുഭക്ഷണവും മറ്റും ലഭിക്കും. ഇതിനായി യാത്രക്കാര്‍ പ്രത്യേക നിരക്ക് നല്‍കേണ്ടി വരും. മറ്റ് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന നിരക്കായിരിക്കും ബിസിനസ് ക്ലാസിനുണ്ടാവുക.
ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാം. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഈ സര്‍വീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ നീണ്ടുപോവുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിക്കുന്നതോടെ ഈ മാസം 22-ന് സര്‍വീസ് തുടങ്ങാനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വിമാന യാത്രയ്ക്ക് സമാനമായ അനുഭവം നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.





