മികച്ച ജീവിതം ലക്ഷ്യമിട്ട് വിദേശത്തേക്ക് പോകുന്നവര്‍ക്കിടയില്‍ ചിലര്‍ കഠിനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാതെ അന്യദേശത്ത് ഒറ്റപ്പെട്ടുപോകുന്ന പ്രവാസികളുടെ കഥകള്‍ അപൂര്‍വമല്ല. അത്തരത്തിലൊരു ദുരിതാനുഭവത്തില്‍പ്പെട്ട മലയാളി യുവതിക്ക് രക്ഷയായത് സമയോചിതമായ ഇടപെടലായിരുന്നു.
|
ഭക്ഷണത്തിനും താമസത്തിനും പോലും ബുദ്ധിമുട്ടുകള്‍ നേരിട്ടതോടൊപ്പം വീട്ടുടമകളുടെ ഉപദ്രവവും സഹിക്കേണ്ടിവന്ന യുവതി, ആര്‍എംഎ പ്രസിഡന്റ് ഫൈസല്‍ ആലുവയ്ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് തന്റെ അവസ്ഥ അറിയിച്ചത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതോടെ റൂവി മലയാളി അസോസിയേഷന്‍ (RMA) രക്ഷാപ്രവര്‍ത്തനത്തിന് മുന്നോട്ടുവന്നു.
തുടര്‍ന്ന്, സംഘടനയുടെ പ്രവര്‍ത്തകനായ ഡോ. സജി ഉതുപ്പന്‍ വിഷയത്തില്‍ ഇടപെട്ട് ബന്ധപ്പെട്ട ഏജന്റുമായി സംസാരിച്ചു. അടിയന്തര പരിഹാരത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും യുവതിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തു.
യുവതിക്ക് പുതിയ തൊഴില്‍ അവസരം കണ്ടെത്താനും സംഘടന സഹായം വാഗ്ദാനം ചെയ്തു. നാട്ടിലുള്ള ഭര്‍ത്താവ് ആര്‍എംഎയുടെ ഇടപെടലിന് നന്ദി അറിയിച്ചു. സംഭവം പ്രവാസി സമൂഹത്തിനുള്ളില്‍ പരസ്പരവിശ്വാസവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നതാണെന്ന് സംഘടന വ്യക്തമാക്കി. ഭാവിയിലും ഇത്തരം സഹായ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും ആര്‍എംഎ അധികൃതര്‍ അറിയിച്ചു.





