മോഷ്ടാവെന്ന സംശയത്തില്‍ ബംഗാളില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നും. ബംഗാളി സുഹൃത്തുക്കള്‍ക്കൊപ്പം നാടുകാണാനെത്തിയ 30 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. കള്ളനെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. യുവാവിന്റെ പേരു വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍, സന്ദീപ് നായര്‍ എന്നയാളാണ് മരിച്ചതെന്ന് ന്യൂസ് 18 ബംഗ്ല റിപോര്‍ട്ടില്‍ പറയുന്നു. ഏഴ്‌പേര്‍ സംഭവത്തില്‍ പിടിയിലായിട്ടുണ്ട്. കേസില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കസ്റ്റഡിയിലാണ്.
|
ജൂണ്‍ ഒന്‍പതിന് സൗത്ത് 24 പര്‍ഗനാസിലെ കുല്‍താലിയിലാണ് ക്രൂരത നടന്നത്. പ്രതികളെയെല്ലാം ഇന്ന് കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ ജോലിചെയ്യുന്ന ബംഗാളി സുഹൃത്തുക്കള്‍ക്കൊപ്പം രണ്ടാഴ്ച മുന്‍പാണ് യുവാവ് കുല്‍താലിയില്‍ എത്തിയത്. മര്‍ദനം നടന്ന ദിവസം രാവിലെ തനിച്ച് പുറത്തിറങ്ങിയ യുവാവിന് വഴിതെറ്റുകയായിരുന്നു. ഭാഷ വശമില്ലാത്തത് കാരണം കൃത്യമായി ആശയവിനിമയം നടത്താന്‍ സാധിച്ചില്ല. പരിചയമില്ലാത്ത ആളെ പ്രദേശത്ത് കണ്ട് പരിസരവാസികള്‍ ഇയാളെ തടഞ്ഞുനിര്‍ത്തി തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചു. ഭാഷ മനസിലാകാത്തതിനാല്‍ ഇത് നല്‍കാനായില്ല. തുടര്‍ന്ന് കള്ളനെന്ന് ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി സുഹൃത്തുക്കളോടൊപ്പം കുല്‍ത്താലിയിലെ സങ്കീജഹാന്‍ എന്ന സ്ഥലത്തെത്തിയതായിരുന്നു യുവാവ്. സമീപത്തെ മാര്‍ക്കറ്റിലേക്ക് പോയ ഇയാള്‍ വഴിതെറ്റി മറ്റൊരു പ്രദേശത്തെത്തിയപ്പോഴാണ് കെട്ടിയിട്ട് മര്‍ദിച്ചത്. കയറുപയോഗിച്ച് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഒരാള്‍ പരിക്കേറ്റ് റോഡില്‍ കിടക്കുന്നു എന്ന വിവരം കുള്‍താലി പൊലീസ് അറിഞ്ഞ് അവര്‍ സ്ഥലത്തെത്തി ഇയാളെ ജയ്‌നഗര്‍-കുള്‍തലി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും യുവാവ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ആ സമയം മര്‍ദ്ദനമേറ്റാണ് മരണം എന്ന് പൊലീസിന് വിവരമുണ്ടായിരുന്നില്ല. പിന്നീട് സമൂഹമാദ്ധ്യമ ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ആള്‍ക്കൂട്ട കൊലയാണെന്ന് മനസിലായത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. യുവാവിനോടൊപ്പം എത്തിയ സുഹൃത്തുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
വിലാസം സ്ഥിരീകരിക്കാന്‍ കേരള സര്‍ക്കാരുമായി ബന്ധപ്പെടുന്നു
യുവാവ് താമസിച്ചിരുന്ന വീടിന്റെ ഉടമയാണ് മരിച്ചത് സന്ദീപ് നായര്‍ ആണെന്ന് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കേരളത്തിലെ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ഈ പേരില്‍ കൃത്യമായ വിലാസമോ തിരിച്ചറിയല്‍ രേഖകളോ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
യഥാര്‍ത്ഥ വിവരങ്ങള്‍ ലഭ്യമാകാത്തതിനാല്‍ യുവാവിന്റെ കുടുംബത്തെ വിവരം അറിയിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ബംഗാള്‍ പ്രാദേശിക ഭരണകൂടം കേരള സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഇയാളോടൊപ്പം ബംഗാളില്‍ എത്തിയ സഹപ്രവര്‍ത്തകരെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് ഊര്‍ജ്ജിതമാക്കി.
Kerala man beaten to death in Bengal


