KSU kannur district president sexual abuse case കണ്ണൂര്‍: കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ ലൈംഗിക പീഡന കേസ്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന കെഎസ്യു പ്രവര്‍ത്തകയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.
|
യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതുല്‍ നിലവില്‍ ഒളിവിലാണെന്നാണ് സൂചന. കെ.എസ്.യു പ്രവര്‍ത്തകയായ യുവതിക്ക് 2018 മുതല്‍ അതുലുമായി സൗഹൃദമുണ്ട്. ഈ വര്‍ഷം ഒരു യാത്രയ്ക്കിടെയാണ് ശരീരത്തില്‍ പിടിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
യാത്രാമധ്യേ കാറില്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. അതുലിന് മറ്റ് ബന്ധങ്ങള്‍ ഉണ്ടെന്നറിഞ്ഞാണ് പ്രണയത്തില്‍നിന്ന് പിന്മാറിയത്. പണം തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി. പരാതിപ്പെടാന്‍ ശ്രമിച്ചപ്പോഴൊക്കെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്.
മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും യുവതി നല്‍കിയ പരാതിയിലാണ് വനിതാ പൊലീസ് കേസെടുത്തത്. വിവിധ സമയങ്ങളിലായി 1,60,000 രൂപയാണ് അതുലിന് യുവതി നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്.



