തൃശൂരില്‍ പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ നിന്ന് വീണ്ടുമൊരു പാമ്പിനെ കൂടി കണ്ടെത്തി. കോടാലി സ്വദേശി സില്‍ജോയുടെ വീട്ടില്‍ നിന്നാണ് ശംഖുവരയന്‍ പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തിയത്. സില്‍ജോയുടെ മക്കളായ അല്‍ജോ, അനോഷ് എന്നിവര്‍ക്കായിരുന്നു കഴിഞ്ഞദിവസം രാത്രി പാമ്പ് കടിയേറ്റത്. അല്‍ജോ മരിക്കുകയും അനോഷ് ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരികയുമാണ്.
|
കിടപ്പുമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു. കുട്ടികള്‍ക്കു പാമ്പ് കടിയേറ്റ ദിവസവും ഇതിന് ശേഷം അല്‍ജോയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് വീട്ടില്‍ എത്തിച്ചപ്പോഴും പാമ്പുകളെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പ്രദേശത്ത് പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് വീടിന്റെ പരിസരത്ത് തീയിടുകയും ചെയ്തിരുന്നു.
ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കുട്ടികളെ പാമ്പ് കടിച്ചത്. എന്നാല്‍ കടിയേറ്റ വിവരം ഇരുവരും അറിഞ്ഞിരുന്നില്ല. ഒരാളുടെ ചുണ്ടിലും മറ്റൊരാളുടെ കൈയിലുമായിരുന്നു കടിയേറ്റത്. രാത്രിയോടെ ശാരീരികാസ്വസ്ഥത നേരിട്ട കുട്ടികളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ലക്ഷണങ്ങള്‍ കണ്ട ഡോക്ടര്‍ പാമ്പ് കടിച്ചതായിരിക്കുമെന്ന സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ശംഖുവരയന്‍ പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. വനമേഖലയോടു ചേര്‍ന്നാണ് ഈ വീടുള്ളത്. ഒറ്റ നില ടെറസ് വീട്ടിലാണ് കുടുംബം താമസിക്കുന്നത്. വള്ളിപ്പടര്‍പ്പിലൂടെയാവാം പാമ്പുകള്‍ വീടിനുള്ളില്‍ കയറിയതെന്നാണ് നിഗമനം.
ALSO READ: 2000 കോടി രൂപ വിലയുള്ള യുഎസിന്റെ ഡ്രോണ്‍ ഇറാന്‍ യുദ്ധത്തിനിടെ തകര്‍ന്നതായി സ്ഥിരീകരണം





