എക്‌സിറ്റ് പോള്‍ സര്‍വേയും തെളിയിക്കുന്നത് സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ലെന്ന് തന്നെയെന്ന് എം വി ഗോവിന്ദന്‍. കേരളത്തെ കുറിച്ച് ഉത്കണ്ഠയില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യന്‍ പിണറായി തന്നെ എന്നും സര്‍വെ വ്യക്തമാക്കുന്നു. എല്‍ഡിഎഫിന് നല്ല സാധ്യത ഉറപ്പിക്കുന്ന സര്‍വെ ഫലമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
|
ഇടതുമുന്നണിക്ക് 69 സീറ്റുകള്‍ വരെ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നുണ്ട്. മൂന്നോ നാലോ സീറ്റുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ ആവാമെന്നും എക്‌സിറ്റ് പോള്‍ തന്നെ പറയുന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 71 സീറ്റുകളാണ്. അതുകൊണ്ട് തന്നെ ഒരു ആശങ്കയും ഇല്ലെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി.
ALSO READ: എന്താണീ എക്‌സിറ്റ് പോള്‍? ഇത് എത്ര മാത്രം കൃത്യമാണ്?
ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. 14 സീറ്റ് വരെ ബിജെപിക്ക് പ്രവചിക്കുന്ന സര്‍വെകളുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് വിവര ശേഖരണമെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ഇടതുമുന്നണി അധികാരത്തില്‍ വരുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന സര്‍വെ ഫലമാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എക്‌സിറ്റ് പോള്‍ കാര്യമാക്കുന്നില്ലെന്ന് റിയാസ്
എക്‌സിറ്റ് പോളുകള്‍ കാര്യമാക്കുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നേരത്തെയും തെറ്റിയിട്ടുണ്ടെന്നും ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും മുഹമ്മദ് പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. പകുതിയിലധികം ന്യൂനപക്ഷ വോട്ടര്‍മാരുള്ള മണ്ഡലത്തിലാണ് താന്‍ മത്സരിക്കുന്നത്. ബേപ്പൂരില്‍ സര്‍വ്വകാല റെക്കോര്‍ഡ് വോട്ട് നേടി എല്‍ ഡി എഫ് വിജയിക്കും. കോഴിക്കോട് ജില്ലയില്‍ എല്‍ ഡി എഫിന് വീഴ്ചകള്‍ ഉണ്ടാകില്ല. വടകര താലൂക്കില്‍ നേരത്തെ തന്നെ കുറഞ്ഞ വോട്ടാണ് ഇടതുമുന്നണിക്ക് കിട്ടിയതെന്നും ഇത് മനസ്സിലാക്കി തിരുത്തല്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.


