06
May 2026
Wed
06 May 2026 Wed
T K Govindan visits Kodiyeri s house after victory over party candidate at Thaliparamp

തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയോടെ ഇടതുമുന്നണിയെ തോല്‍പ്പിച്ച ശേഷം കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി നിയുക്ത എംഎല്‍എ ടി കെ ഗോവിന്ദന്‍. ഭാര്യക്കൊപ്പമാണ് ഗോവിന്ദന്‍ കോടിയേരിയുടെ വീട്ടിലെത്തിയത്. തന്റെ എല്ലാ വ്യക്തിപരമായ കാര്യങ്ങളിലും കോടിയേരി പങ്കെടുത്തിട്ടുണ്ടെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു. കോടിയേരിയുമായും കുടുംബവുമായും അടുത്ത ബന്ധമാണുള്ളതെന്നും കോടിയേരിയുമായുള്ള ബന്ധം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് എതിരേ മത്സരിക്കുമ്പോഴും മനസ്സിലുണ്ടായിരുന്നത് കോടിയേരിയുടെ ചിത്രമാണ്. അന്ന് പത്ര സമ്മേളനത്തില്‍ കോടിയേരി ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഈ പ്രശ്നം വരില്ലായിരുന്നുവെന്ന് ഞാന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയിലെ സംഘടനാ പ്രശ്നം പരിഹരിക്കുന്നതില്‍ അസാധാരണമായ കഴിവ് കോടിയേരിക്കുണ്ടായിരുന്നു. അത് ചെറുപ്പത്തിലെ നേരിട്ട് അനുഭവിച്ചറിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏത് വിഷമത്തിലും കോടിയേരിയുടെ മുഖത്ത് നോക്കിയാല്‍ നമ്മുടെ എല്ലാ വിഷമവും തീരും. കോടിയേരി ഉണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും പറയുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് രാഷ്ട്രീയ പ്രതിസന്ധിയിലും എപ്പോഴും കോടിയേരിയെ സ്മരിക്കും. അപ്പോഴാണ് അദ്ദേഹത്തിന്റെ നഷ്ടം മനസിലാകുന്നത്. കോടിയേരി പ്രസ്ഥാനത്തിന് വേണ്ടി എത്രയോ പ്രവര്‍ത്തിച്ചു. സന്ദര്‍ശനത്തിന് മറ്റൊരു രാഷ്ട്രീയ മാനവുമില്ലെന്നും ടി കെ ഗോവിന്ദന്‍ വ്യക്തമാക്കി.

ALSO READ: ടിവികെയ്ക്ക് നിബന്ധനകളില്ലാത്ത പിന്തുണയുമായി കോണ്‍ഗ്രസ്