പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് പിന്നില്‍ വോട്ട് ഡീലാണെന്ന ആരോപണവുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ഡിഎംഎഫ് (DMF) നേതാവുമായ പി.കെ ശശി. പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
|
യുഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നതാണ് പരാജയത്തിന് കാരണമെന്ന് പി കെ ശശി പറഞ്ഞു. യുഡിഎഫിന്റെ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തിരുന്നെങ്കില്‍ ഒറ്റപ്പാലത്ത് ജയിക്കുമായിരുന്നു. യുഡിഎഫിന് കിട്ടേണ്ട വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകി.
മണ്ഡലത്തില്‍ യുഡിഎഫിന് ലഭിക്കേണ്ടിയിരുന്ന 11,122 വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്. അതേസമയം, ബിജെപിക്ക് 17,000-ത്തോളം വോട്ടിന്റെ വര്‍ധനവുണ്ടായി. ഈ വോട്ട് ഡീലിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരെന്ന് യുഡിഎഫും മുസ്ലിം ലീഗ് നേതൃത്വവും ഗൗരവമായി പരിശോധിക്കണമെന്നും, ഇക്കാര്യം മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പി.കെ ശശി വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട് (DMF) യുഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ശശി വ്യക്തമാക്കി. ഈ മാസം 14-ന് വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കും. ഈ യോഗത്തില്‍ വിവിധ തലങ്ങളിലുള്ള കമ്മിറ്റികള്‍ക്ക് രൂപം നല്‍കും.
കൂടാതെ, സിഎംപി (CMP) അടക്കമുള്ള കക്ഷികളുമായി നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. സിപിഎം വിട്ട് യുഡിഎഫ് പാളയത്തിലെത്തി വിജയിച്ച ജി. സുധാകരന്‍, ടി.കെ. ഗോവിന്ദന്‍, വി. കുഞ്ഞികൃഷ്ണന്‍ എന്നിവരുമായി ആശയവിനിമയം നടത്തി വരുംകാല രാഷ്ട്രീയ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കുമെന്നും പി.കെ ശശി വ്യക്തമാക്കി.
ഒറ്റപ്പാലം, മലമ്പുഴ എന്നിവിടങ്ങളില്‍ സ്വതന്ത്രരെ പരീക്ഷിച്ച് വിജയിക്കാമെന്ന് കണക്കുകൂട്ടിയ യുഡിഎഫിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഒറ്റപ്പാലത്ത് പി കെ ശശി വളരെ പിന്നിലായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. പി സരിന് 59,707 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ ശശിക്ക് കിട്ടിയത് 48,585 വോട്ട് മാത്രം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 57,063 വോട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലാകെ 52,851 വോട്ടും നേടിയിരുന്നു. അത് മറികടക്കാന്‍ യുഡിഎഫിനായില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 25056 വോട്ടാണ് ലഭിച്ചത്. ഇത്തവണ ബിജെപി സ്ഥാനാര്‍ഥിക്ക് 42476 വോട്ടുകള്‍ നേടാനായി.



