ഡൽഹിയിൽ വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമത്തിന് ഉത്തരവാദി ആഭ്യന്തരമന്ത്രി അമിത്ഷായെന്ന് കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അമിത് ഷാ പോലീസ് ഉദ്യോഗസ്ഥരെ വിളിക്കുന്നത് പാർലമെന്റിൽ വച്ചു താൻ കണ്ടു. സേനയ്ക്ക് ഇത്തരം നടപടികൾക്ക് ആഭ്യന്തര മന്ത്രിയാണ് ഉത്തരവ് നൽകുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
|
ലോക്സഭയിൽ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. രാജ്നാഥ് സിങിനെയും കിരൺ റിജിജുവിനേയും നിരവധി തവണ സംസാരിക്കാൻ അനുവദിച്ചു. സംസാരിക്കാൻ അനുമതി നൽകാൻ നിരവധി തവണ സ്പീക്കറോട് അഭ്യർഥിച്ചു. അമിത് ഷായ്ക്ക് എതിരെ പറഞ്ഞത് കൊണ്ടാണ് സംസാരിക്കാൻ അനുവദിക്കാതെയിരുന്നത്. മാപ്പ് പറഞ്ഞാൽ സംസാരിക്കാൻ അനുവദിക്കാം എന്ന് പറഞ്ഞു. പക്ഷേ, ബിജെപിയോടോ ആർഎസ്എസിനോടോ താൻ ഒരിക്കലും മാപ്പ് പറയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കുക എന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്റെ അവകാശമാണെന്ന് പറഞ്ഞ അദ്ദേഹം നീറ്റ് ചോദ്യപേപ്പർ ചോർച്ച ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ പോലീസ് നടത്തിയ നടപടിയാണ് രാജ്യത്തിന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്നും പറഞ്ഞു.
വിദ്യാർഥികൾക്കുനേരെ പോലീസ് പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ച് വെടിവച്ചെന്നും ഒരു വിദ്യാർഥിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും രാഹുൽ പറഞ്ഞു. അമിത് ഷാ പോലീസ് ഉദ്യോഗസ്ഥരെ വിളിക്കുന്നത് പാർലമെന്റിൽ വച്ച് കണ്ടു. ആഭ്യന്തരമന്ത്രി അമിത് ഷായെ പ്രധാനമന്ത്രി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും, സുപ്രീംകോടതി മേൽനോട്ടത്തിൽ സ്വതന്ത്ര ഉന്നതതല സമിതി അന്വേഷണവേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അമിത് ഷായെ രാജ്യത്തിന്റെ നായകനായും നരേന്ദ്ര മോദിയേ ദൈവമായും പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുന്നുവെന്ന് രാഹുൽ പറഞ്ഞു. ആ പ്രചാരണത്തിനായി കോടികൾ ചെലവഴിക്കുന്നു.മോദി ജെൻസി ആകാൻ ശ്രമിക്കുന്നു. ഒരു രാത്രി കൊണ്ട് സെൽഫി വീഡിയോ ഇട്ടാൽ ജെൻ സി വിദ്യാർഥികളോട് സംവദിക്കാം എന്നാണ് പ്രധാന മന്ത്രി കരുതുന്നത്. പ്രതിഷേധം ഉയർത്തിയ വിദ്യാർഥികളെ ഓർത്ത് അഭിമാനമുണ്ട്. അവരുടെ മാതാപിതാക്കൾക്ക് ഇല്ലാതെ പോയ ധൈര്യം അവർക്ക് ഉണ്ട്. ഇന്നോ നാളെയോ വിദ്യാർഥികൾക്കെതിരെയുള്ള വെടിവയ്പ്പിൽ അമിത്ഷാ ഉത്തരവാദിത്വം പറയേണ്ടിവരും. അമിത് ഷാ എന്ന് രാജിവയ്ക്കുമോ അത് വരെ പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



