കോഴിക്കോട്: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ വിഡി സതീശന് വേണ്ടി ഇടപെട്ട ജമാഅത്തെ ഇസ്ലാമി ശൂറ അംഗം ഡോ. അബ്ദുസലാം അഹമ്മദിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ആഷിഖ് മന്‍സൂര്‍.
|
ഇന്ത്യന്‍ ജനാധിപത്യം മുല്ലപ്പൂ വിപ്ലവമല്ലെന്നും കോണ്‍ഗ്രസിന്റെയും മലയാളികളുടെയും ചെലവില്‍ വിപ്ലവം നടത്താമെന്ന സ്വപ്നം കാണുന്നവര്‍ അടങ്ങണമെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ മന്‍സൂര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മന്‍സൂറിന്റെ വിമര്‍ശനം.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ യു.ഡി.എഫിന് വോട്ട് ചെയ്ത സകല ജനങ്ങളും തെരുവിലിറങ്ങണമെന്നായിരുന്നു അബ്ദുസലാം അഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ആഹ്വാനം. ഇതിനെതിരെയാണ് മന്‍സൂര്‍ രംഗത്തെത്തിയത്.
ALSO WATCH
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ തെരുവില്‍ നടക്കുന്ന സമരങ്ങളും സമര ആഹ്വാനങ്ങളും യഥാര്‍ത്ഥത്തില്‍ വി.ഡി. സതീശന് വേണ്ടിയോ കോണ്‍ഗ്രസിന്റെ നന്മ ആഗ്രഹിച്ചോ അല്ലെന്നും മറിച്ച് കേരളത്തിന്റെ രാഷ്ട്രീയ ഘടനയെ അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനകളുടെ ഭാഗമാണെന്നും മന്‍സൂര്‍ പോസ്റ്റിലെഴുതി.
ഇതിനെ ചെറുത്ത് തോല്‍പ്പിക്കുക എന്നതാണ് മുഖ്യമന്ത്രി ആരാകണം എന്ന് തീരുമാനിക്കുന്നതിനു മുന്‍പ് മലയാളികള്‍ ചെയ്തുതീര്‍ക്കേണ്ട ദൗത്യമെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘ഇന്ത്യന്‍ ജനാധിപത്യം മുല്ലപ്പൂ വിപ്ലവമല്ലാ’ കോണ്‍ഗ്രസിന്റെയും മലയാളികളുടെയും ചെലവില്‍ വിപ്ലവം നടത്താമെന്ന് സ്വപ്നം കാണുന്നവര്‍ ഒരു പൊടിക്ക് അടങ്ങുന്നതാണ് നല്ലത്…
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ തെരുവില്‍ നടക്കുന്ന സമരങ്ങളും സമര ആഹ്വാനങ്ങളും യഥാര്‍ത്ഥത്തില്‍ വി.ഡി. സതീശന് വേണ്ടിയോ കോണ്‍ഗ്രസിന്റെ നന്മ ആഗ്രഹിച്ചോ അല്ല.
മറിച്ച് കേരളത്തിന്റെ രാഷ്ട്രീയ ഘടനയെ അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനകളുടെ ഭാഗമാണ്.
ഇതിനെ ചെറുത്ത് തോല്‍പ്പിക്കുക എന്നതാണ് മുഖ്യമന്ത്രി ആരാകണം എന്ന് തീരുമാനിക്കുന്നതിനു മുന്‍പ് മലയാളികള്‍ ചെയ്തുതീര്‍ക്കേണ്ട ദൗത്യം…
കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് തങ്ങളുടെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള പുറത്തുനിന്നുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുക എന്നതാണ് ഈ ഘട്ടത്തില്‍ ഏറ്റവും അനിവാര്യമായി ചെയ്യേണ്ടത്…
ഇതൊരു താക്കീതായൊ ഭീഷണിയായോ കണക്കാക്കാം…
NB: വി.ഡി. സതീശന് വേണ്ടി കെസി വേണുഗോപാലിനെതിരെ തെരുവിലിറങ്ങാന്‍ പറയുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ശൂറ അംഗം ഡോ അബ്ദുസലാം അഹമ്മദ് ആണ്. (പ്രതിഷേധത്തെ തുടര്‍ന്ന് ഇപ്പോള്‍ അബ്ദുസമദ് ഫേസ് ബുക്ക് പോസ്റ്റ് മുക്കിയിരിക്കുകയാണ്).
അതേസമയം, പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്ളക്സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് വി.ഡി. സതീശന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.
സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലെന്നും സതീശന് പോസ്റ്റില്‍ എഴുതി.



