13
May 2026
Tue
13 May 2026 Tue
yet not decide CM of Kerala

കേരളത്തില്‍ പുതിയ മുഖ്യമന്ത്രിയെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രഖ്യാപിച്ചേക്കുമെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. മെയ് 15-ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നേക്കും. എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍ഗ്രസിലെ 63 എം.എല്‍.എമാരില്‍ 47 പേരുടെ പിന്തുണ വേണുഗോപാലിനുണ്ടെന്ന് കേന്ദ്ര നിരീക്ഷകര്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെയും കേന്ദ്ര നേതൃത്വത്തിന്റെയും പിന്തുണ ഇദ്ദേഹത്തിനാണ്.

എന്നാല്‍, മുഖ്യമന്ത്രി പദവിയില്‍ കുറഞ്ഞതൊന്നും വേണ്ടെന്ന നിലപാടിലാണ് വിഡി സതീശന്‍. ജനപിന്തുണയും ലീഗിന്റെ നിലപാടുമാണ് സതീശന്റെ ബലം.

വേണുഗോപാലിനെ പിന്തുണച്ച ചില എം.എല്‍.എമാര്‍ തങ്ങളുടെ രണ്ടാം മുന്‍ഗണനയായി ചെന്നിത്തലയുടെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെന്നിത്തലയെ സ്പീക്കറാക്കാനുള്ള സാധ്യതയും നേതൃത്വം പരിഗണിക്കുന്നു.

ലീഗിന്റെ പിന്തുണ ബിജെപിക്ക് ആയുധം

സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ നിലപാട് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നത് ബി.ജെ.പിക്ക് രാഷ്ട്രീയ ആയുധമാകുമെന്നും, ‘പ്രീണന രാഷ്ട്രീയം’ എന്ന ആരോപണത്തിന് ഇത് കാരണമാകുമെന്നും പാര്‍ട്ടി ഭയപ്പെടുന്നു.

സതീശനെതിരെയുള്ള വാദങ്ങള്‍

ഭരണപരിചയമില്ലായ്മ സതീശന് തിരിച്ചടിയാണ്. സംസ്ഥാനത്തും കേന്ദ്രത്തിലും മന്ത്രിയായിരുന്ന വേണുഗോപാലിന് ഇതില്‍ മുന്‍തൂക്കമുണ്ട്.

എം.എല്‍.എമാരുടെ ഭൂരിപക്ഷ പിന്തുണയില്ലാതിരുന്നിട്ടും പോസ്റ്ററുകളിലൂടെയും മറ്റും സതീശന്‍ പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഇതിന് വഴങ്ങുന്നത് കീഴ് വഴക്കമായി മാറുമെന്നും കര്‍ണാടകയില്‍ ഉള്‍പ്പടെ ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും കേന്ദ്ര നേതൃത്വം ഭയക്കുന്നു.

ഉപതിരഞ്ഞെടുപ്പ് ഭയം

ലോക്‌സഭാ എം.പിയായ വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ ആറ് മാസത്തിനുള്ളില്‍ കേരളത്തില്‍ ഒരു നിയമസഭാ സീറ്റിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇത് പാര്‍ട്ടിക്കും സര്‍ക്കാരിനും അധിക ബാധ്യതയാകുമെന്ന വിലയിരുത്തലുമുണ്ട്.

നിലവിലെ അനിശ്ചിതത്വം പരിഹരിക്കാനായി മുന്‍ കെ.പി.സി.സി അധ്യക്ഷന്മാരുടെയും വര്‍ക്കിംഗ് പ്രസിഡന്റുമാരുടെയും യോഗം രാഹുല്‍ ഗാന്ധി വിളിച്ചിട്ടുണ്ട്. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 23 വരെ ഉള്ളതിനാല്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന ചിന്തയും നേതൃത്വത്തിനുണ്ട്.

Can IUML Support For VD Satheesan Backfire?