16
May 2026
Tue
16 May 2026 Tue
CRITICISM AGAINST SANDEEP WARRIER

കെ.സി വേണുഗോപാലിനെ പിന്തുണച്ച നിയുക്ത എംഎല്‍എ സന്ദീപ് വാര്യര്‍ക്ക് സമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വിമര്‍ശനം ഉയര്‍ന്നത്. വിമര്‍ശനം ശക്തമായതോടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് പിരിച്ചു വിട്ടു. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നാണ് പ്രധാനമായും വിമര്‍ശനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരിക്കാന്‍ സീറ്റ് നല്‍കിയ കെ.സി യോട് സന്ദീപ് വാര്യര്‍ നന്ദി കാണിക്കുമ്പോള്‍, തകര്‍ന്ന് തരിപ്പണമായ യുഡിഎഫിനെ വിജയത്തിലേക്ക് എത്തിച്ച വി.ഡി സതീശന്‍ എന്ന നേതാവിനോട് തങ്ങള്‍ക്കും കടപ്പാട് ഉണ്ടെന്നും വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രവര്‍ത്തകര്‍ പറയുന്നു. കെ.സിക്കെതിരെ വളഞ്ഞ വഴിയില്‍ കൂടി നേതൃത്വം ഏറ്റെടുക്കാന്‍ നോക്കുന്നവന്‍ എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. തൃക്കരിപ്പൂരിന്റെ മണ്ണില്‍ ഗ്രൂപ്പ് കളി അനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ രോഷം കൊണ്ടു.

സന്ദീപ് വാര്യര്‍ കെ.സി പക്ഷത്തെ പിന്തുണയ്ക്കുന്ന ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം കടുത്തത്. തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദീപ് വാര്യര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. പ്രതിഷേധം നിയന്ത്രിക്കാനാവാതെ വന്നതോടെയാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ പിരിച്ചുവിട്ടത്.

ALSO READ: മുഖ്യമന്ത്രി പദവി: ലീഗിന്റെ ഇടപെടലില്‍ ക്രൈസ്തവ സഭകള്‍ക്ക് അതൃപ്തി

സന്ദീപ് വാര്യര്‍ മത്സരിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണെന്നും അല്ലാതെ കെ.സിയുടെ സ്ഥാനാര്‍ത്ഥിയായിട്ടല്ലെന്നും ഗ്രൂപ്പില്‍ കുറിപ്പുകള്‍ ഉയര്‍ന്നു. ‘വിജയിച്ചതിന് ശേഷം ഗ്രൂപ്പ് കളിച്ച് അധികാരത്തിലേക്ക് എത്താന്‍ ഉളുപ്പില്ലേ’ എന്നുമടക്കമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തന്നെ സ്ഥാനാര്‍ഥിയാക്കിയത് കെസി വേണുഗോപാലാണ് എന്ന് സൂചിപ്പിക്കുന്ന സന്ദീപ് വാര്യരുടെ വീഡിയോ നേരത്തേ പുറത്തുവന്നിരുന്നു. കെസിയുടെ ആശീര്‍വാദത്തോടെയാണ് സന്ദീപ് കോണ്‍ഗ്രസിലെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കെസി നിരന്തരം തന്നെ ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.

എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണ് ഗ്രൂപ്പ് പിരിച്ചുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക