16
May 2026
Wed
16 May 2026 Wed
kerala chief minister race

കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. ഇന്ന് വൈകിട്ട് നടക്കുന്ന നിര്‍ണായക കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ പ്രഖ്യാപനം ഉണ്ടാകും. മറ്റ് ചര്‍ച്ചകളെല്ലാം കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുല്‍-മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂടിക്കാഴ്ച്ചയിലാണ് അന്തിമ തീരുമാനമുണ്ടാവുക. ഇന്ന് രാവിലെയാണ് കൂടിക്കാഴ്ച്ച നിശ്ചയിച്ചിരുന്നതെങ്കിലും അതിനിടയില്‍ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് നീളാന്‍ കാരണം.

ചര്‍ച്ചകള്‍ അവസാനിച്ചതിനാല്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്ന് തന്നെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് വിവരം. വൈകീട്ട് 3 മണിക്ക് എത്തുമെന്നാണ് നേരത്തേ അറിയിച്ചത്. എന്നാല്‍, അതു വൈകുമോ എന്ന് വ്യക്തമല്ല. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം തിരുവനന്തപുരത്ത് വച്ച് നടന്നേക്കുമെന്നും സൂചനയുണ്ട്.

അതിനിടെ ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായെന്നും മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഡല്‍ഹിയില്‍നിന്നുളള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈക്കമാന്‍ഡ് പ്രഖ്യാപനം വന്നാല്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തിയതായും കുഞ്ഞാലിക്കുട്ടി അറിയിച്ചു. ലീഗിന്റെ പിന്തുണ ഇപ്പോഴും വിഡി സതീശന് തന്നെയാണെന്നാണ് സൂചന.

പൂര്‍ണപ്രതീക്ഷയിലാണ് മൂന്ന് നേതാക്കളുടെയും ക്യാംപുകള്‍. തങ്ങള്‍ക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന് കെ.സി.വേണുഗോപാലിന്റെയും വി.ഡി.സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികള്‍ പ്രതീക്ഷിക്കുന്നുണ്ട്.

കെസിക്ക് നാട്ടിലേക്ക് പറക്കാന്‍ വിമാനം തയ്യാര്‍

ഇതിനിടെ ഡല്‍ഹിയില്‍ തുടരുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ വസതിക്ക് മുന്നില്‍ രണ്ട് ബാനറുകള്‍ ഉയര്‍ന്നിട്ടുണ്ട്. ‘ലോബി 51’ എന്ന അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ വച്ച ബാനറുകള്‍ കേരളത്തിലെ വലിയ തിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിക്കുന്നതാണ്. ബാനറില്‍ കെ.സി.വേണുഗോപാലിന്റെ ചിത്രവുമുണ്ട്. എന്നാല്‍, കേരളത്തില്‍ നിന്നുള്ള മറ്റു നേതാക്കളുടെ ചിത്രങ്ങളൊന്നും ബാനറില്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്.

പ്രഖ്യാപനം ഉണ്ടായാല്‍ ഉടന്‍ തന്നെ കെ.സി. വേണുഗോപാല്‍ കേരളത്തിലേക്ക് തിരിക്കും. ഇതിനായി ചാര്‍ട്ടേഡ് ഫൈറ്റ് തയാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ വലിയ നിര തന്നെ അദ്ദേഹത്തിന്റെ വീടിന് മുന്നിലുണ്ട്. ഇന്നലെ രാത്രി വൈകുംവരെ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഒരു പേരിലേക്ക് ഹൈക്കമാന്‍ഡ് എത്തിയതെന്നാണ് സൂചന.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക