16
May 2026
Sat
16 May 2026 Sat
emirates airlines

ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കു ശേഷം ശേഷം യു.എ.ഇയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. പ്രമുഖ വിമാനക്കമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്ന നടപടികള്‍ വേഗത്തിലാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേസ്, എയര്‍ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയോ വിപുലീകരിക്കുകയോ ചെയ്തിട്ടുണ്ട്. അതേസമയം, മുന്‍കരുതലിന്റെ ഭാഗമായി ചില യൂറോപ്യന്‍, ഏഷ്യന്‍ വിമാനക്കമ്പനികള്‍ യു.എ.ഇ സര്‍വീസുകള്‍ക്കുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ നീട്ടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്ക് തിരിക്കും മുന്‍പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഭൂരിഭാഗം സര്‍വീസുകളും പുനരാരംഭിച്ച് എമിറേറ്റ്സ്

ആഗോള ശൃംഖലയിലെ 96 ശതമാനം സര്‍വീസുകളും തങ്ങള്‍ പുനരാരംഭിച്ചതായി എമിറേറ്റ്സ് അറിയിച്ചു. നിലവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള 72 രാജ്യങ്ങളിലെ 137 കേന്ദ്രങ്ങളിലേക്ക് എമിറേറ്റ്സ് സര്‍വീസ് നടത്തുന്നുണ്ട്. മേയ് 31 വരെ ടിക്കറ്റ് ബുക്ക് ചെയ്ത, തടസ്സങ്ങള്‍ നേരിട്ട യാത്രക്കാര്‍ക്ക് ജൂണ്‍ 15നകം അതേ മേഖലയിലേക്കോ മറ്റൊരു കേന്ദ്രത്തിലേക്കോ സൗജന്യമായി റീബുക്ക് ചെയ്യാം അല്ലെങ്കില്‍ റീഫണ്ട് ആവശ്യപ്പെടാം. യാത്രക്കാര്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് വിമാന സമയം പരിശോധിക്കണമെന്നും കമ്പനി അറിയിച്ചു.

കൂടുതല്‍ സര്‍വീസുകളുമായി ഖത്തര്‍ എയര്‍വേസും ഇത്തിഹാദും

ഖത്തര്‍ എയര്‍വേസ്: അബൂദബിയിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേസ് പുനരാരംഭിച്ചു. പ്രതിദിനം രണ്ട് സര്‍വീസുകളാണ് നിലവിലുള്ളത്. ഇതോടെ ദുബൈ, ഷാര്‍ജ എന്നിവയ്ക്ക് പുറമെ ഖത്തര്‍ എയര്‍വേസിന് യുഎഇയില്‍ മൂന്ന് സര്‍വീസ് പോയിന്റുകളായി. ബഹ്റൈന്‍, ദമസ്‌കസ്, കോഴിക്കോട് എന്നിവിടങ്ങളിലേക്കും കമ്പനി സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. ജൂണ്‍ 16ഓടെ ആഗോള സര്‍വീസുകള്‍ 150 കടക്കും.

ഇത്തിഹാദ് എയര്‍വേസ്: ഉസ്ബെക്കിസ്ഥാന്‍ എയര്‍വേസുമായി ഇത്തിഹാദ് പുതിയ കോഡ്ഷെയര്‍ പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതോടെ താഷ്‌കെന്റില്‍ നിന്ന് എട്ട് ഉസ്ബെക്ക് നഗരങ്ങളിലേക്ക് ഒരൊറ്റ ടിക്കറ്റില്‍ യാത്ര ചെയ്യാം. ആഗസ്റ്റ് 9 മുതല്‍ അബുദബിയില്‍ നിന്ന് താഷ്‌കെന്റിലേക്ക് ഇത്തിഹാദിന്റെ പ്രതിദിന സര്‍വീസ് ആരംഭിക്കും.

സര്‍വീസുകള്‍ പുനഃക്രമീകരിച്ച് എയര്‍ ഇന്ത്യ

വ്യോമപാതയിലെ നിയന്ത്രണങ്ങളും വിമാന ഇന്ധനവില വര്‍ദ്ധനവും കണക്കിലെടുത്ത് എയര്‍ ഇന്ത്യ തങ്ങളുടെ അന്താരാഷ്ട്ര സര്‍വീസുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള ചില ദീര്‍ഘദൂര, ഏഷ്യന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രതിമാസം 1200ലധികം അന്താരാഷ്ട്ര സര്‍വീസുകള്‍ എയര്‍ ഇന്ത്യ നടത്തും. ഇതില്‍ യുകെയിലേക്ക് ആഴ്ചയില്‍ 57 സര്‍വീസുകളും യൂറോപ്പിലേക്ക് 47 സര്‍വീസുകളും ഉള്‍പ്പെടുന്നു. സര്‍വീസ് മാറ്റങ്ങള്‍ ബാധിച്ച യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനമോ സൗജന്യ തീയതി മാറ്റമോ അല്ലെങ്കില്‍ പൂര്‍ണ്ണ റീഫണ്ടോ നല്‍കും.

യൂറോപ്യന്‍, ഏഷ്യന്‍ കമ്പനികള്‍ നിയന്ത്രണം തുടരുന്നു

വിപണിയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കടുത്ത മുന്‍കരുതലുകളോടെയാണ് യൂറോപ്യന്‍ കമ്പനികള്‍ സര്‍വീസ് നടത്തുന്നത്.

ലുഫ്താന്‍സ ഗ്രൂപ്പ്: ലുഫ്താന്‍സ, സ്വിസ് (SWISS), ഐടിഎ എയര്‍വേസ് (ITA Airways) എന്നിവ സെപ്റ്റംബര്‍ 13 വരെ ദുബൈ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. അബുദബി സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെയും നിര്‍ത്തിവെച്ചിട്ടുണ്ട്.

വിസ് എയര്‍ (Wizz Air): ദുബൈ, അബുദബി, അമ്മാന്‍ സര്‍വീസുകള്‍ സെപ്റ്റംബര്‍ പകുതി വരെ നിര്‍ത്തിവെച്ചു.

എയര്‍ ഫ്രാന്‍സ്, കെഎല്‍എം: എയര്‍ ഫ്രാന്‍സ് മേയ് 27 വരെയും കെഎല്‍എം ജൂണ്‍ 28 വരെയും ദുബൈ സര്‍വീസുകള്‍ നടത്തില്ല.

ബ്രിട്ടീഷ് എയര്‍വേസ്: ജൂലൈ 1 മുതല്‍ ദുബൈ, ദോഹ സര്‍വീസുകള്‍ പ്രതിദിനം ഒന്നായി ചുരുക്കും.

സണ്‍ എക്സ്പ്രസ്, പെഗാസസ്: സണ്‍ എക്സ്പ്രസ് ജൂണ്‍ 30 വരെ ദുബൈ സര്‍വീസുകള്‍ റദ്ദാക്കി. പെഗാസസ് ജൂണ്‍ 1 വരെ അബൂദബി, ഷാര്‍ജ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.