പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. മന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്ന പ്രമുഖ നേതാവ് കെഎം ഷാജി അവസാനി നിമിഷം പ്ട്ടികയില്‍ നിന്ന് പുറത്തായതായാണ് വിവരം. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീര്‍, എന്‍. ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുല്ല, വി.ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് ലീഗ് പ്രതിനിധികളായി മന്ത്രിമാരാകുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കും.
|
മലപ്പുറം ജില്ലയില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ മന്ത്രിമാര്‍ വേണ്ടെന്ന പാര്‍ട്ടിയുടെ തീരുമാനത്തെ തുടര്‍ന്നാണ് ഷാജി അന്തിമ പട്ടികയില്‍ നിന്ന് പുറത്തായത്. മലപ്പുറത്ത് നിന്ന് കുഞ്ഞാലിക്കുട്ടിയും പി.കെ ബഷീറും എത്തുന്ന സാഹചര്യത്തിലാണ് ഷാജിയെ ഒഴിവാക്കേണ്ടി വന്നത് എന്നാണ് സൂചന. വടക്കന്‍ മലബാറില്‍ നിന്നും മധ്യകേരളത്തില്‍ നിന്നും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടാണ് ലീഗ് ഇത്തവണ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
വകുപ്പുകള്‍ സംബന്ധിച്ചും ഏകദേശ ധാരയായിട്ടുണ്ട്.
പി.കെ. കുഞ്ഞാലിക്കുട്ടി- ഐടി, വ്യവസായം, എന്‍. ഷംസുദ്ദീന്‍- വിദ്യാഭ്യാസം, വി.ഇ. അബ്ദുള്‍ ഗഫൂര്‍ പൊതുമരാമത്ത്, പി.കെ. ബഷീര്‍ – തദ്ദേശ സ്വയംഭരണ വകുപ്പ്, പാറക്കല്‍ അബ്ദുല്ല- ന്യൂനപക്ഷം, പ്രവാസി ക്ഷേമം എന്നിങ്ങനെയാണ് ധാരണയായിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ ചര്‍ച്ചകളില്‍ കടന്നുവരാതിരുന്ന വി.ഇ അബ്ദുള്‍ ഗഫൂര്‍ മന്ത്രിസ്ഥാനത്തേക്ക് വരുന്നു എന്നതാണ് ശ്രദ്ധേയം. മുന്‍ പൊതുമരാമത്ത് മന്ത്രിയായ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ കൂടിയാണ് അബ്ദുള്‍ ഗഫൂര്‍.
അതേസമയം, കോഴിക്കോടിന് ഒരു മന്ത്രി വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് പാറക്കല്‍ അബ്ദുല്ലയ്ക്ക് നറുക്കു വീണത്. ജില്ലയില്‍ ആറുപേരാണ് ലീഗില്‍നിന്ന് വിജയിച്ചത്. അതിനാല്‍ തന്നെ ജില്ലയില്‍നിന്ന് മന്ത്രി വേണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കാസര്‍കോട്ടുനിന്നും സമാനമായ ആവശ്യമുണ്ട്. മഞ്ചേശ്വരത്തുനിന്നു വിജയിച്ച എ.കെ.എം അഷ്റഫിനെ പരിഗണിക്കണമെന്നാണ് ആവശ്യം. ഉന്നതാധികാരസമിതിയില്‍ ഇക്കാര്യം ഉയര്‍ന്നുവരാനുള്ള സാധ്യതയുമുണ്ട്.
ഇന്ന് വൈകുന്നേരം മുന്നണിതലത്തില്‍ വകുപ്പുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ ലീഗ് തങ്ങളുടെ മന്ത്രിമാരുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
വിഡി സതീശന്‍-ലീഗ് കൂടിക്കാഴ്ച്ച
അതേസമയം, തിരുവനന്തപുരത്ത് വെച്ച് പാണക്കാട് സാദിഖലി തങ്ങളുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ കൂടിക്കാഴ്ച്ച നടത്തി. യുഡിഎഫിന് എല്ലാ പിന്തുണയും തന്ന നേതാവാണ് പാണക്കാട് സാദിഖലി തങ്ങളെന്ന് വി.ഡി സതീശന്‍ പറഞ്ഞു. വിദ്വേഷ പ്രചരണം നടത്തി ഭിന്നിപ്പുണ്ടാക്കാന്‍ പല ശക്തികളും ശ്രമിച്ചു. യുഡിഎഫിന്റെ മതേതര നിലപാടുകള്‍ക്ക് ശക്തിപകരുന്ന പാര്‍ട്ടിയാണ് ലീഗെന്നും സതീശന്‍ പറഞ്ഞു. കേരളത്തിന് ശക്തി പകരുന്ന നേതാവാണ് വി.ഡി സതീശനെന്ന് പാണക്കാട് സാദിഖലി തങ്ങളും പറഞ്ഞു.



