തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. ലോക്ഭവനില്‍ നിന്നുള്ള തീരുമാനപ്രകാരമാണ് ചടങ്ങില്‍ വന്ദേമാതരം മുഴുവനായും ആലപിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.
|
വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു. ലോക്ഭവന്‍ തീരുമാനപ്രകാരമാണ് വന്ദേമാതരം പൂര്‍ണമായും ആലപിച്ചത്. ആലപിച്ചു തുടങ്ങിയപ്പോഴാണ് അറിഞ്ഞത്. പകുതിക്ക് നിര്‍ത്തിക്കാന്‍ കഴിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി സി പി എം. സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് തിട്ടൂരത്തിന് വഴങ്ങി വന്ദേമാതരം പൂര്‍ണ്ണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്നും ഇത് ഒരു ബഹുസ്വര സമൂഹത്തിന് നിരക്കാത്തതാണെന്നും സി പി എം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, ലോക്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസും കൂടിയാലോചിച്ചാണ് ചടങ്ങുകളുടെ വിശദാംശങ്ങള്‍ തീരുമാനിക്കുന്നതെന്നിരിക്കേ വന്ദേമാതരത്തിന്റെ കാര്യം അറിഞ്ഞില്ലെന്ന് പറയുന്നത് അവിശ്വസനീയമാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.
അച്ഛന്റെ പേര് പറഞ്ഞതില്‍ എന്താണ് കുഴപ്പം
കൂടാതെ ചടങ്ങില്‍ അച്ഛന്റെ പേര് പറഞ്ഞതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം നല്‍കി. ചടങ്ങില്‍ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി ചോദിച്ചു. അമ്മയുടെ പേര് കൂടി പറയാത്തതില്‍ എനിക്ക് സങ്കടമുണ്ട്. ഞാന്‍ എം.എല്‍.എ ആകുന്നതിനു മുമ്പ് മരിച്ചുപോയവരാണ് ഇരുവരും. മാതാപിതാക്കളുടെ പേര് പറയുന്നത് അഭിമാനമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.



