മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ രത്തന്‍ ഖേല്‍ക്കറെ നിയമിച്ചു.
തൊട്ടുമുമ്പ് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആയിരുന്നു രത്തന്‍ ഖേല്‍ക്കര്‍. ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയിരുന്ന മനോജ് കുമാര്‍ അഗര്‍വാള്‍ ഐഎഎസിനെ മുഖ്യമന്ത്രി സുവേന്ദു അധികാരി ചീഫ് സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെയാണ് കേരളത്തിലും സമാന നിയമനം.
|
എസ്‌ഐആറില്‍ ബിജെപിക്ക് അനുകൂലമായി ലക്ഷണക്കണക്കിന് വോട്ടുകള്‍ വെട്ടിമാറ്റിയതിലുള്ള പ്രത്യുപകരമാണ് മനോജ് കുമാര്‍ അഗര്‍വാളിന്റെ നിയമനമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. മനോജ് കുമാര്‍ അഗര്‍വാള്‍ മേല്‍നോട്ടം വഹിച്ച തിരഞ്ഞെടുപ്പിലാണ് ബിജെപി ആദ്യമായി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്.
കമ്മീഷന്റെ കത്തിലെ ബിജെപി സീല്‍
രത്തന്‍ ഖേല്‍ക്കര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക കത്തില്‍ ബിജെപിയുടെ സീല്‍ പതിഞ്ഞത് വലിയ വിവാദമായിരുന്നു. മാര്‍ച്ച് 22-ന് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ഇമെയില്‍ സന്ദേശത്തിലാണ് വിവാദമായ സീല്‍ ഉള്‍പ്പെട്ടത്. 2019-ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള കമ്മീഷന്റെ ഔദ്യോഗിക രേഖയിലാണ് കമ്മീഷന്റെ സീലിന് പകരം ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിപ്പിച്ചത്.
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടി ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍, ബിജെപി കേരള ഘടകത്തിന്റെ സീല്‍ വന്നത് വെറും ‘ക്ലറിക്കല്‍ പിഴവ്’ മാത്രമാണെന്നാണ് കമ്മീഷന്റെ വാദം. അശ്രദ്ധ മൂലമാണ് ഇത് സംഭവിച്ചതെന്നും പിഴവ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ചതായും ഓഫീസര്‍ അറിയിച്ചു.
എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന് എടുത്ത് പെരുമാറാവുന്ന തരത്തില്‍ ബിജെപിയുടെ സീല്‍ ലഭ്യമായതില്‍ അന്തര്‍ധാര എന്താണെന്ന ചോദ്യം വിമര്‍ശകര്‍ ഉയര്‍ത്തി. കമ്മീഷന്റെ ഓഫീസില്‍ ബിജെപിയുടെ സീല്‍ എങ്ങനെ എത്തിയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ബിജെപിക്ക് കമ്മീഷന്‍ വഴിവിട്ട സഹായം നല്‍കുന്നു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
അതേസമയം, സിജി കടക്കലിനെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി നിയമിച്ചു. പ്രതിപക്ഷ നേതാവ് ആയിരുന്ന സമയത്തും സിജി കടക്കല്‍ വി.ഡി. സതീശന്റെ പ്രസ് സെക്രട്ടറി ആയിരുന്നു. റോയി മാത്യുവിനെ മീഡിയാ സെക്രട്ടറിയായും, അനീഷ് അനിരുദ്ധനെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും, ടി. ശ്രീകുമാറിനെ അഡീഷണല്‍ സെക്രട്ടറിയായും നിയമിച്ചു.
മറുനാടന്‍ മലയാളിയില്‍ എഡിറ്ററായി ഉള്‍പ്പെടെ ജോലി ചെയ്തിരുന്ന റോയി മാത്യുവിന്റെ ഇസ്ലാമോഫോബിയ വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
Ratan U Kelkar appointed as secretary of CM VD Satheesan


