തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടു ദിവസം പൊതു അവധി, 27നു പുറമേ 28നും അവധി പ്രഖ്യാപിച്ചു. മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ബലി പെരുന്നാള്‍ 28 നാണ്. ഈ സാഹചര്യത്തിലാണ് 28നും പൊതു അവധി ദിനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
|
കലണ്ടറില്‍ അവധി ദിവസം 27നാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
ബക്രീദ് സ്‌പെഷ്യല്‍ കിറ്റ് മെയ് 26 വരെ
ബലിപെരുന്നാള്‍ വിപണിയിലെ വിലക്കയറ്റം തടയാനും പൊതുജനങ്ങള്‍ക്ക് ആശ്വാസമേകാനും വിപുലമായ ഒരുക്കങ്ങളുമായി സപ്ലൈകോ. ഈദ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പത്തിനം അവശ്യസാധനങ്ങള്‍ അടങ്ങിയ ‘ബക്രീദ് സ്‌പെഷ്യല്‍ കിറ്റ്’ സപ്ലൈകോ വിപണിയിലെത്തിച്ചു. മേയ് 26 വരെ സംസ്ഥാനത്തെ സപ്ലൈകോ വില്‍പനശാലകള്‍ വഴി പൊതുജനങ്ങള്‍ക്ക് ഈ പ്രത്യേക കിറ്റുകള്‍ ലഭ്യമാകും.
വിപണിയില്‍ 1101 രൂപ വിലമതിക്കുന്ന ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങളാണ് പെരുന്നാള്‍ പ്രമാണിച്ച് വെറും 850 രൂപക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, 250 ഗ്രാം ശബരി ഗോള്‍ഡ് ചായപ്പൊടി, മീറ്റ് മസാല (100 ഗ്രാം), ചിക്കന്‍ മസാല (100 ഗ്രാം), ഗരം മസാല (50 ഗ്രാം), കുരുമുളകുപൊടി (100 ഗ്രാം), ഏലക്കായയും ഗ്രാമ്പുവും അടങ്ങുന്ന ഹോള്‍ മസാല പാക്കറ്റ് (50 ഗ്രാം) എന്നിവയാണ് കിറ്റിലുള്ളത്.
പെരുന്നാള്‍ വിഭവങ്ങള്‍ ഒരുക്കാന്‍ ആവശ്യമായ പ്രധാന സാധനങ്ങളെല്ലാം ഒരൊറ്റ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും. പൊതുവിപണിയിലെ കൊള്ളവിലയില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള സപ്ലൈകോയുടെ ഈ പെരുന്നാള്‍ സമ്മാനം മേയ് 26 വരെ മാത്രമേ ലഭ്യമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ ശുദ്ധമായ നെയ്യും സൗജന്യമായി നല്‍കുമെന്ന തരത്തില്‍ വ്യാജ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.


