പുതിയ യുഡിഎഫ് സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് മലബാറിലെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍. നാളെ മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഏകജാലക നടപടികള്‍ ആരംഭിക്കാനിരിക്കെ, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. മലപ്പുറം ഉള്‍പ്പെടെയുള്ള മലബാര്‍ ജില്ലകളില്‍ അര ലക്ഷത്തിലേറെ സീറ്റുകളുടെ കുറവാണുള്ളത്.
|
താല്‍ക്കാലിക പരിഹാരങ്ങള്‍ക്ക് പകരം ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. മലബാറില്‍ വലിയ പിന്തുണ ലഭിച്ച മുസ്ലിം ലീഗാണ് ഇത്തവണ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ മലബാറിന്റെ കാലങ്ങളായുള്ള ഈ പരാതിക്ക് ഇക്കുറിയെങ്കിലും പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് കുട്ടികള്‍. പുതിയ സര്‍ക്കാരിന് മുന്നിലുള്ള ആദ്യത്തെ പ്രധാന വെല്ലുവിളിയും ഈ വിദ്യാഭ്യാസ പ്രതിസന്ധി തന്നെയാണ്.
ആറ് ജില്ലകളില്‍ 53,164 സീറ്റുകള്‍ കുറവ്
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മലബാറിലെ ആറ് ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഇതില്‍ മലപ്പുറം ജില്ലയിലാണ് സീറ്റ് പ്രതിസന്ധി കൂടുതല്‍. ഇവിടെ മാത്രം 26,137 സീറ്റുകളുടെ കുറവുണ്ട്. പാലക്കാട് ജില്ലയില്‍ 9,324 സീറ്റുകളുടെ കുറവുള്ളപ്പോള്‍, മലബാറിലെ ആകെ സീറ്റ് ക്ഷാമം 53,164 ആണ്. കഴിഞ്ഞ തവണ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്പണ്‍ സ്കൂളുകളെയും അണ്‍എയ്ഡഡ് സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ടി വന്നിരുന്നു.
തെക്കന്‍ ജില്ലകളില്‍ 7000ഓളം സീറ്റുകള്‍ അധികം
പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമെന്നോണം കഴിഞ്ഞ വര്‍ഷങ്ങളിലെ 352 താല്‍ക്കാലിക ബാച്ചുകള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതില്‍ 314 ബാച്ചുകളും മലബാര്‍ മേഖലയിലാണ്. എന്നാല്‍ 45 കുട്ടികള്‍ പഠിക്കേണ്ട ക്ലാസ് മുറികളില്‍ 60 പേരെ വരെ ഇരുത്തേണ്ടി വരുന്നത് കുട്ടികളുടെ പഠനനിലവാരത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. അതേസമയം തെക്കന്‍ കേരളത്തില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കഴിഞ്ഞ തവണ കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ ഏഴായിരത്തോളം പ്ലസ് വണ്‍ സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്.
Plus one seat crisis in malabar



