കാസര്‍ക്കോഡ് ജില്ലയിലെ കാഞ്ഞങ്ങാടിന് സമീപം വന്‍ മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പൂച്ചക്കാട് അരയാല്‍ തറയിലെ വീട്ടില്‍ നിന്നും 45 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തമിഴ്നാട് സ്വദേശിയാണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്.
|
കോയമ്പത്തൂര്‍ മേട്ടുപ്പാളയം ആലംകൊമ്പ് കരിമൊക്കൈ സ്വദേശി രാജന് എന്ന നടരാജനെ (61) ആണ് ബേക്കല്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ശിവം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ അറ്സ്റ്റ് ചെയ്തത്. മെയ് 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പൂച്ചക്കാട് അരയാല്‍ തറയില്‍ കെ ഹലീമയുടെ വീടിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 45 പവന് സ്വര്‍ണവുമായി പ്രതി കടന്നു കളയുകയായിരുന്നു. ഹലീമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെയ് 10ന് ബേക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ALSO WATCH
അന്വേഷണത്തിനൊടുവില്‍ മെയ് 19നാണ് പ്രതിയായ നടരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മുമ്പും നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളിയാണ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലായ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മെയ് 22ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കസ്റ്റഡിയില്‍ നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് തൊണ്ടിമുതല്‍ ഒളിപ്പിച്ച സ്ഥലം പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള നേതാജി റോഡിലെ ഒരു രഹസ്യ കേന്ദ്രത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ബേക്കല്‍ എസ്.എച്ച്.ഒ ശിവം ഐ.പി.എസ്, ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ മനോജ് കുമാര്‍ കെ.വി, അഖില്‍ സെബാസ്റ്റ്യന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റോജന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയതും തൊണ്ടിമുതല്‍ അതിവിദഗ്ദ്ധമായി കണ്ടെടുത്തതും. പ്രതിയെ തുടര്‍ നടപടികള്‍ക്കായി വീണ്ടും കോടതിയില്‍ ഹാജരാക്കും.



