മൂവാറ്റുപുഴയില്‍ വീടിനുള്ളില്‍ അതിക്രമിച്ചുകയറി വയോധികയുടെ വായില്‍ തുണിതിരുകി 12 പവന് കവര്‍ന്ന രണ്ടുപേര്‍ പിടിയില്‍. തമിഴ്നാട് മധുര സിന്ധുപ്പാട്ടിയില്‍ സെമ്പാട്ടി സ്വദേശി ഭഗത്് സുധ ശങ്കര്‍, ദിണ്ടുഗല്‍ മലയഗൗഡന്‍പാട്ടി പൊട്ടിക്കളം ഭാഗത്ത് ലക്ഷ്മി എന്നിവരാണ് പിടിയിലായത്. പൂമ്മറ്റത്തില് മറിയാമ്മയാണ് അതിക്രമത്തിനിരയായത്.
|
ബഹളം കേട്ടെത്തിയ വീട്ടുജോലിക്കാരിയെ അക്രമികള്‍ മര്‍ദ്ദിക്കുകയും മുറിക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്ത ശേഷമാണ് കടന്നുകളഞ്ഞത്. ഞായറാഴ്ച രാവിലെയായിരുന്നു കവര്‍ച്ച. സമീപവീടുകളിലുള്ളവര്‍ കുര്‍ബാനയ്ക്ക് പള്ളിയില്‍ പോയ സമയത്തായിരുന്നു കവര്‍ച്ചാസംഘം വീട്ടിലെത്തിയത്. മുറിയില്‍ മയങ്ങിക്കിടക്കുമ്പോഴായിരുന്നു മറിയാമ്മയുടെ ആഭരണങ്ങള്‍ ഭഗത് സുധ ശങ്കര്‍ ഊരിയെടുത്തത്.
ഇതോടെ മറിയാമ്മ ഉണരുകയും മോഷ്ടാവിനെ കണ്ട് ബഹളമുണ്ടാക്കാന്‍ മറിയാമ്മ ശ്രമിച്ചെങ്കിലും വായില്‍ തുണി തിരുകിയിരുന്നതിനാല്‍ ഫലം കണ്ടില്ല. മുറിക്കുള്ളില്‍ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട് വീട്ടുജോലിക്കാരി ഇവിടെ വന്നപ്പോഴേക്കും അക്രമി ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.
തുടര്‍ന്ന് ജോലിക്കാരിയെ മറ്റൊരു മുറിയിലാക്കി വാതില്‍ പുറത്തുനിന്ന് കുറ്റിയിടുകയും ചെയ്തു. സ്വര്‍ണാഭരണങ്ങളുമായി അക്രമി കടന്നുകളഞ്ഞതിനു ശേഷമാണ് മറിയാമ്മയും വീട്ടുജോലിക്കാരിയും ബഹളമുണ്ടാക്കി നാട്ടുകാരുടെ ശ്രദ്ധയാകര്‍ഷിച്ചത്.



