27
May 2026
Wed
27 May 2026 Wed
Siddaramaiah kc venugopal DK Shivakumar

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഏറെ നാളായി പുകയുന്ന നേതൃമാറ്റ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ പരിഹാരമാകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ പദവി ഒഴിയുമെന്നും പകരം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഐകകണ്‌ഠ്യേന പിന്തുണച്ചതായും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും ഒപ്പം ഡല്‍ഹി കേന്ദ്രീകരിച്ച് ദേശീയ തലത്തില്‍ വലിയൊരു പദവിയുമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സിദ്ധരാമയ്യ അല്പം സമയം ചോദിച്ചിട്ടുണ്ടെന്നാണ് വിവരം. താന്‍ ഹൈക്കമാന്‍ഡ് തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് സിദ്ധരാമയ്യ അടുത്ത അനുയായികളോട് വ്യക്തമാക്കിയതായും ബുധനാഴ്ച തന്നെ അദ്ദേഹം രാജി സമര്‍പ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

വ്യാഴാഴ്ച നിര്‍ണായക മന്ത്രിസഭാ യോഗം

വ്യാഴാഴ്ച രാവിലെ സിദ്ധരാമയ്യ മന്ത്രിമാര്‍ക്കായി പ്രഭാതവിരുന്ന് ഒരുക്കിയിട്ടുണ്ട്. ഈ യോഗത്തില്‍ വെച്ച് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. അതിനിടെ കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല ബുധനാഴ്ച ഉച്ചയോടെ ബംഗളൂരുവിലെത്തും. കാര്യങ്ങള്‍ നിശ്ചയിച്ച പ്രകാരം മുന്നോട്ട് പോവുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും. സിദ്ധരാമയ്യ പക്ഷത്തുള്ള പ്രമുഖരെ അനുനയിപ്പിക്കുന്നതിനായി പുതിയ മന്ത്രിസഭയില്‍ ഒന്നിലധികം ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

അതേസമയം, ഡല്‍ഹിയില്‍ നടന്ന ആറ് മണിക്കൂര്‍ നീണ്ട സുപ്രധാന യോഗം രാജ്യസഭാ, എം.എല്‍.സി തെരഞ്ഞെടുപ്പുകളെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നുവെന്നും മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ യോഗത്തിന് ശേഷം പ്രതികരിച്ചു.

തര്‍ക്കങ്ങളുടെ പശ്ചാത്തലം

2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന ഹൈക്കമാന്‍ഡ് ഉറപ്പിലാണ് ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ചതെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം. എന്നാല്‍ ഭരണം മാറ്റുന്നത് വികസനത്തിന്റെ വേഗത കുറയ്ക്കുമെന്ന നിലപാടിലായിരുന്നു സിദ്ധരാമയ്യ. ഭൂരിഭാഗം എം.എല്‍.എമാരുടെയും പിന്തുണയും സിദ്ധരാമയ്യയ്ക്കായിരുന്നു.

കര്‍ണാടകയിലെ പിന്നാക്ക-ന്യൂനപക്ഷ (അഹിന്ദ) വോട്ട് ബാങ്കുകളുടെ അതൃപ്തി ഭയന്നും, അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ചുമാണ് കോണ്‍ഗ്രസ് നേതൃത്വം ഇത്രയും നാള്‍ നേതൃമാറ്റത്തില്‍ നിന്നും വിട്ടുനിന്നത്. എന്നാല്‍ തമിഴ്നാട് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലും, ശിവകുമാറിന്റെ ക്ഷമ നശിക്കുന്നതായും വ്യക്തമായതോടെയാണ് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇപ്പോള്‍ കടുത്ത തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്.

ഡല്‍ഹിയിലുള്ള സിദ്ധരാമയ്യ ഇന്ന് രാത്രിയോടെ ബംഗളൂരുവിലേക്ക് തിരിക്കും. എന്നാല്‍ പദവി ഒഴിയാനുള്ള തീരുമാനത്തില്‍ സിദ്ധരാമയ്യയുടെ വിശ്വസ്തരായ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത വിയോജിപ്പുണ്ട്. അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് എല്ലാ വശങ്ങളും പരിശോധിക്കണമെന്ന് അവര്‍ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ അദ്ദേഹം പദവി ഒഴിയുമോ അതോ കാലാവധി നീട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തുമോ എന്ന കാര്യത്തില്‍ പ്രാദേശിക നേതാക്കള്‍ ഇപ്പോഴും ജാഗ്രതയോടെയാണ് പ്രതികരിക്കുന്നത്.

രാജ്യസഭാ സീറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്തിമ ധാരണയിലെത്തിയാൽ ഉടൻ തന്നെ സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞേക്കും. നിലവിലെ സാഹചര്യത്തിൽ സിദ്ധരാമയ്യയെ ഡൽഹിയിലേക്ക് വീണ്ടും വിളിച്ചുവരുത്താൻ ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ട്. നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ നടന്നുവെങ്കിലും, കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്നെ എത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

ഡി.കെ. ശിവകുമാറിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന് പൂർണമായ ഉറപ്പില്ലാത്ത സാഹചര്യത്തിൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര വടംവലി കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു സമവായ സ്ഥാനാർഥി എന്ന നിലയിൽ ഖർഗെയുടെ പേര് ഉയർന്നു വരുന്നത് പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് കാണുന്ന ഒരു തന്ത്രമായി വിലയിരുത്തപ്പെടുന്നു.

Siddaramaiah To Resign, Congress Bosses Back DK Shivakumar: Sources