25
May 2026
Mon
25 May 2026 Mon
Petrol pumps to remain closed

ന്യൂഡൽഹി: ഇരട്ടപ്രഹരമായി രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. ഇറാൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ 11 ദിവസത്തിനിടെ ഇത് നാലാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. പുതിയ വർദ്ധനവോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 102.12 രൂപയായി ഉയർന്നു. ഡീസലിന് 95.20 രൂപയുമാണ് പുതിയ നിരക്ക്.

ഇന്നത്തെ നിരക്ക് വർധനവോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയും ആയി ഉയർന്നു. കൊച്ചിയില്‍ പെട്രോളിന് 113.48 രൂപയും ഡീസലിന് 102.40 രൂപയുമാണ് വില.

പുതുക്കിയ പെട്രോൾ നിരക്കുകൾ (പ്രധാന നഗരങ്ങളിൽ)

നഗരം പുതിയ നിരക്ക് (ലിറ്ററിന്) വർദ്ധനവ്
ഡൽഹി ₹ 102.12 +2.61 രൂപ
കൊൽക്കത്ത ₹ 113.51 +2.87 രൂപ
മുംബൈ ₹ 111.21 +2.72 രൂപ
ചെന്നൈ ₹ 107.77 +2.46 രൂപ

വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ജനങ്ങൾക്ക് പുതിയ വിലവർദ്ധനവ് കടുത്ത തിരിച്ചടിയാകും. ഡീസൽ വില ഉയർന്നത് ചരക്കുകൂലി വർദ്ധിക്കാൻ കാരണമാകും. ഇത് നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും കൂട്ടിയേക്കാം. മുൻപുണ്ടായ ഇന്ധനവില വർദ്ധനവിനെ തുടർന്ന് പാലും ബ്രെഡും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് നിലവിൽ തന്നെ വില കൂടുതലാണ്.

പുതുക്കിയ ഡീസൽ നിരക്കുകൾ:

നഗരം പുതിയ നിരക്ക് (ലിറ്ററിന്) വർദ്ധനവ്
ഡൽഹി ₹ 95.20 +2.71 രൂപ
കൊൽക്കത്ത ₹ 99.82 +2.80 രൂപ
മുംബൈ ₹ 97.83 +2.81 രൂപ
ചെന്നൈ ₹ 99.55 +2.57 രൂപ

കഴിഞ്ഞ ശനിയാഴ്ചയും (മേയ് 23) രാജ്യത്ത് ഇന്ധനവില കൂട്ടിയിരുന്നു. അന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. ഇതിന് പുറമെ ഡൽഹിയിൽ സി.എൻ.ജി (CNG) വിലയും കിലോഗ്രാമിന് ഒരു രൂപ വർദ്ധിപ്പിച്ച് 81.09 രൂപയാക്കിയിരുന്നു.

എന്തുകൊണ്ട് ഇന്ധനവില വീണ്ടും കൂടുന്നു?

തുടരുന്ന ഇറാൻ യുദ്ധമാണ് ആഗോള വിപണിയിൽ എണ്ണ വിതരണം തടസ്സപ്പെടാൻ കാരണം. എണ്ണക്കപ്പലുകൾ കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലുണ്ടായ (Strait of Hormuz) പ്രതിസന്ധി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർത്തി. ഉയർന്ന വിലയ്ക്കാണ് ക്രൂഡ് ഓയിൽ വാങ്ങിയതെങ്കിലും, ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ ആഴ്ചകളോളം പഴയ നിരക്കിൽ തന്നെയാണ് പെട്രോളും ഡീസലും വിറ്റിരുന്നത്.

എന്നാൽ ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാൻ യുദ്ധം രണ്ട് മാസം പിന്നിട്ടതോടെ എണ്ണക്കമ്പനികളുടെ നഷ്ടം താങ്ങാനാവാത്ത അവസ്ഥയിലായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നീ മൂന്ന് കമ്പനികൾക്ക് മാത്രമായി പ്രതിദിനം 1,000 കോടി രൂപയിലധികം നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇതേത്തുടർന്നാണ് വില വർദ്ധിപ്പിക്കാൻ സർക്കാർ നിർബന്ധിതരായത്.

ഇന്ധനവില വർദ്ധനവിനെക്കുറിച്ചും എണ്ണക്കമ്പനികളെ ഇത് എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ ‘ഗ്രാന്റ് തോൺടൺ ഭാരത്’ പാർട്ണർ (ഓയിൽ ആൻഡ് ഗ്യാസ്) സൗരവ് മിത്ര പറയുന്നത് ഇങ്ങനെയാണ്:

“തുടർച്ചയായുണ്ടാകുന്ന ഈ വിലവർദ്ധനവ് എണ്ണക്കമ്പനികൾക്ക് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും പൂർണ്ണമായൊരു പരിഹാരമാകില്ല. മിഡിൽ ഈസ്റ്റിലെ (പശ്ചിമേഷ്യ) സാഹചര്യങ്ങൾ ശാന്തമായാൽ പോലും ഹോർമൂസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികൾ പൂർണ്ണമായി മാറാൻ സമയമെടുക്കും. അതിനാൽ ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിന് മുകളിൽ തന്നെ തുടരാനാണ് സാധ്യത. ഇതിനൊപ്പം ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയും എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിക്കുന്നുണ്ട്. ഇനിയും വില പുതുക്കേണ്ടി വന്നേക്കാം. എണ്ണക്കമ്പനികളുടെ സാമ്പത്തിക ഭദ്രതയും ഉപഭോക്താക്കളുടെ മേലുള്ള ഭാരവും തുല്യമായി പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോകാൻ സർക്കാരിന് കടുത്ത വെല്ലുവിളി നേരിടേണ്ടി വരും.”

Fuel Gets Costlier By Rs 2, Petrol Crosses Rs 100 In Delhi