27
May 2026
Wed
27 May 2026 Wed
mass marriage fraud

ഇന്‍ഡോര്‍: സമൂഹ വിവാഹത്തിന്റെ പേരില്‍ നടന്നത് സിനിമാ കഥകളെ വെല്ലുന്ന തട്ടിപ്പ്. ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത മോഡലുകളുടെ ഫോട്ടോ കാണിച്ചാണ് 42 യുവാക്കളെ സംഘം വലയില്‍ വീഴ്ത്തിയത്. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും വിവാഹം ശരിയാവാത്തവരുമായ യുവാക്കളെയാണ് തട്ടിപ്പ് സംഘം പ്രധാനമായും ലക്ഷ്യമിട്ടത്. വിദിഷ, ഷാജാപൂര്‍, ഭോപ്പാല്‍, ദേവാസ് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള 42 യുവാക്കള്‍ കഴിഞ്ഞ ഞായറാഴ്ച ദേവാസ് നഗരത്തിലെ രാധാ ഗഞ്ച് ക്ലബ് ഗ്രൗണ്ടില്‍ ഒത്തുകൂടി. തൊട്ടടുത്ത ദിവസം ദേവാസിലെ പ്രശസ്തമായ മാതാ ചാമുണ്ഡ ടെക്രി മലമുകളില്‍ വെച്ച് സമൂഹവിവാഹം നടത്തുമെന്നായിരുന്നു അറിയിപ്പ്. വിവാഹത്തിന് മുന്‍പായി പെണ്‍കുട്ടികളെ നേരിട്ട് കാണാന്‍ വേണ്ടിയാണ് യുവാക്കള്‍ ഗ്രൗണ്ടില്‍ കാത്തിരുന്നത്. എന്നാല്‍ ഒരു ദിവസം മുഴുവന്‍ കാത്തിരുന്നിട്ടും ആരും എത്തിയില്ല.

‘ഓരോരുത്തരില്‍ നിന്നും 15,000 മുതല്‍ 25,000 രൂപ വരെയാണ് ഇവര്‍ വാങ്ങിയത്. ഇന്‍ഡോറിലെ അനാഥാലയത്തിലുള്ള സുന്ദരിമാരായ പെണ്‍കുട്ടികളാണെന്ന് പറഞ്ഞ് ഞങ്ങളുടെ മൊബൈലിലേക്ക് നിരവധി ഫോട്ടോകള്‍ അയച്ചു തന്നിരുന്നു. എന്നാല്‍ അവര്‍ അയച്ചു തന്നത് ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത യുവ മോഡലുകളുടെ ചിത്രങ്ങളാണെന്ന് പിന്നീടാണ് മനസ്സിലായത്’ തട്ടിപ്പിനിരയായ ഓം പ്രകാശ് പ്രജാപതി പറഞ്ഞു.

ALSO READ: മാസപ്പടി കേസ്: പിണറായിയുടെ വീട്ടില്‍ ഇഡി റെയ്ഡ്

കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ യുവാക്കള്‍ തങ്ങള്‍ക്ക് വിവാഹം ഉറപ്പിച്ചു നല്‍കിയ മുകേഷ് ബൈരാഗി, ഭാര്യ സുനിത ബൈരാഗി എന്നിവരെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍, തട്ടിപ്പിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍ ഇന്‍ഡോറിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന തന്റെ ജ്യേഷ്ഠന്‍ ദിനേഷ് ദാസ് ബൈരാഗിയാണെന്ന് മുകേഷ് പറഞ്ഞു.

അനാഥാലയത്തിലെ കുട്ടികളുടെ കൂട്ടവിവാഹം നടത്താന്‍ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ജ്യേഷ്ഠനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അവിവാഹിതരായ യുവാക്കളുടെ ഫോണ്‍ നമ്പറുകള്‍ നല്‍കിയതും അദ്ദേഹമാണെന്നും മുകേഷ് പറഞ്ഞു. എന്നാല്‍, ഞായറാഴ്ച വരന്മാര്‍ എല്ലാവരും എത്തിയെങ്കിലും ജ്യേഷ്ഠനോ പെണ്‍കുട്ടികളോ എത്തിയില്ല. ജ്യേഷ്ഠന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും തങ്ങളെയും അയാള്‍ ചതിക്കുകയായിരുന്നുവെന്നുമാണ് മുകേഷ് പറയുന്നത്.