29
May 2026
Wed
29 May 2026 Wed
pinarayi vijayan veena vijayan

സിഎംആര്‍എല്‍-എക്‌സ ലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കണ്ണൂരിലെ വീട്ടിന് പുറമേ കൊച്ചിയിലും തിരുവനന്തപുരത്തും ബംഗളൂരുവിലും ഉള്‍പ്പെടെ സംസ്ഥാനത്തെ 12 കേന്ദ്രങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ഉള്ള വീട്ടിൽ ഇന്ന് രാവിലെ മുതലാണ് റെയിഡ് ആരംഭിച്ചത്. പിണറായിയുടെ കണ്ണൂരിലെ വീട്ടിലും സിഎംആർഎൽ കൊച്ചി ഓഫീസിലും പരിശോധന നടക്കുന്നു. ബംഗളൂരുവില്‍ എക്‌സ ലോജിക്കിന്റെ ഓഫീസിലാണ് റെയ്ഡ്. ഈ ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വീണ വിജയന്‍ നേരത്തേ അവകാശപ്പെട്ടിരുന്നു.

രാവിലെ മുതൽ ആരംഭിച്ച റെയ്ഡിൽ കേന്ദ്രസേനയുടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പരിശോധന നടക്കുന്ന സമയത്ത് പിണറായി വിജയനും കുടുംബാംഗങ്ങളും വീട്ടിലുണ്ടെന്നാണ് വിവരം. എസ്എഫ്ഐഒ നേരത്തെ ഈ കേസിൽ അന്വേഷണം നടത്തിവരികയായിരുന്നു. സിഎംആർഎൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി കഴിഞ്ഞ ദിവസം തള്ളിയതിന് പിന്നാലെയാണ് ഇഡി പരിശോധനയുമായി മുന്നോട്ട് പോയിരിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ കേസിലാണ് ഇപ്പോള്‍ ഇഡി റെയ്ഡ്. 1.76 കോടി രൂപ കരിണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് പിണറായി വിജയന്റെ മകളുടെ കമ്പനിയായ ഹെക്‌സ ലോജിക്ക് മാസപ്പടിയായി പറ്റിയിരുന്നുവെന്നാണ് കേസ്.

മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടുകളില്‍ ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി ഇന്നലെ വിധിച്ചിരുന്നു. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് കമ്പനിയും ഇവിടുത്തെ ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഇതോടെയാണ് മാസപ്പടി കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരാന്‍ വഴി തുറന്നത്.

ഇ.ഡി അയച്ച സമന്‍സുകള്‍ ചോദ്യം ചെയ്തും അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സി.എം.ആര്‍.എല്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. നേരത്തെ ഇതേ കേസില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കര്‍ശന നടപടികള്‍ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവോടെ ഈ തടസവും നീങ്ങും.

കമ്പനി ഉദ്യോഗസ്ഥര്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിധി വന്നതോടെ സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ഇ.ഡി വീണ്ടും സമന്‍സ് അയക്കും. വരും ദിവസങ്ങളില്‍ വീണ വിജയനെ ചോദ്യം ചെയ്യാന്‍ വിളിക്കുമോ എന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.

ഐടി സേവനങ്ങള്‍ നല്‍കാതെ തന്നെ സി.എം.ആര്‍.എല്‍ കമ്പനി വീണ വിജയന്റെ എക്സാലോജിക് കമ്പനിക്ക് 1.72 കോടി രൂപ നല്‍കിയത് എന്തിനാണെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഈ പണം കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണോ എന്നും രാഷ്ട്രീയ സ്വാധീനം ഇതിന് പിന്നിലുണ്ടോ എന്നും ഇ.ഡി സംശയിക്കുന്നുണ്ട്.

ഇതൊരു സാധാരണ ബിസിനസ് കരാറാണെന്നും സെരീയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) കേസ് അന്വേഷിക്കുന്നുണ്ടെന്നും അതിനാല്‍ ഇ.ഡിയുടെ സമാന്തര അന്വേഷണം ആവശ്യമില്ലെന്നുമാണ് കമ്പനി കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിലൂടെ പണത്തിന്റെ ഉറവിടം, ആരുടെ നിര്‍ദ്ദേശപ്രകാരമാണ് പണം കൈമാറിയത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാവുമെന്ന് ഇഡി പ്രതീക്ഷിക്കുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക