29
Jul 2026
Wed
29 Jul 2026 Wed
Andhra student suicide

അമരാവതി: മെഗാ പേരന്റ്-ടീച്ചര്‍ മീറ്റിംഗില്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവുമായി സംവദിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗ്രാമത്തിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ രാമ്പചോടവരം മണ്ഡലത്തിലെ ഇര്‍ലാപള്ളി ഗ്രാമത്തിലാണ് സംഭവം. ഗവണ്‍മെന്റ് ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ മുറം ശിവാനിയാണ് (15) മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിന് മൂന്ന് ദിവസം മുന്‍പ് നടന്ന അധ്യാപക-രക്ഷാകര്‍തൃ യോഗത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, വിദ്യാഭ്യാസ മന്ത്രി നാര ലോകേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ ശിവാനി സംസാരിച്ചിരുന്നു. ‘ഷൈനിംഗ് സ്റ്റാര്‍’ അവാര്‍ഡ് വിജയിയാകണമെന്ന തന്റെ ആഗ്രഹം പ്രകടിപ്പിച്ച ശിവാനിയെ മുഖ്യമന്ത്രി അടുത്തുവിളിച്ച് ഒപ്പമിരുത്തുകയും കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.

ALSO READ: മുന്‍ മന്ത്രി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍; എംഎല്‍എമാര്‍ താമസിക്കുന്ന അപാര്‍ട്ട്‌മെന്റില്‍ ഇദ്ദേഹം എങ്ങിനെ എത്തി എന്നതില്‍ ദുരൂഹത

മുത്തശ്ശിയുടെ വീട്ടിലാണ് ശിവാനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഠിനാധ്വാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിന് സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നും കുറിപ്പിലുണ്ട്. ജീവിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് ബുദ്ധിമുട്ടാണെന്ന് തോന്നിയെന്നും കുടുംബാംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കുറിപ്പില്‍ പറയുന്നു. മരണകാരണം വ്യക്തമല്ലെന്നും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥിനിയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തീവ്രദുഃഖം രേഖപ്പെടുത്തി. സ്‌കൂള്‍ പരിപാടിക്കിടെ ശിവാനി പ്രകടിപ്പിച്ച ആവേശവും ആഗ്രഹങ്ങളും അനുസ്മരിച്ച അദ്ദേഹം, സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. വൈകാരിക പ്രതിസന്ധികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സഹായം തേടണമെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ദുരന്തത്തില്‍ സഹപാഠികളും അധ്യാപകരും പ്രദേശവാസികളും കടുത്ത ദുഃഖത്തിലാണ്.

Tags:
Murram Shivani, Chandrababu Naidu, Nara Lokesh, Andhra Pradesh News, Rampachodavaram, Parent Teacher Meeting, Student Suicide Case, AP News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക