27
May 2026
Wed
27 May 2026 Wed
Mamta banerjee Abishek Banerjee

കൊല്‍ക്കത്ത: ഭരണത്തില്‍നിന്ന് പുറത്തായതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. നഗരസഭാ കൗണ്‍സിലര്‍മാരുടെ രാജിക്കു പിന്നാലെ നിരവധി എംപിമാരും എംഎല്‍എമാരും പാര്‍ട്ടി വിടാനൊരുങ്ങുന്നതായാണ് റിപോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസിലെ 50 എംഎല്‍എമാരും 20 എംപിമാരും ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് ബിജെപി എംപി സൗമിത്ര ഖാന്‍. അവകാശപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃണമൂല്‍ നേതൃത്വത്തിനോട് അതൃപ്തിയുള്ള വലിയൊരു വിഭാഗം നേതാക്കള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സൗമിത്ര ഖാന്‍ പറഞ്ഞു. ബിജെപി നേതൃത്വം പച്ചക്കൊടി കാട്ടിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഇത്തരം അഴിമതികളില്‍ ബന്ധമുള്ള നേതാക്കളെയാണ് ബിജെപി ടാര്‍ജറ്റ് ചെയ്യുന്നതെന്നാണ് വിവരം. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും പണം നല്‍കി പ്രലോഭിപ്പിച്ചും ജനപ്രതിനിധികളെ മറുകണ്ടം ചാടിക്കാനാണ് നീക്കം.

ALSO READ: വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയാല്‍ പൗരത്വം നഷ്ടമാകില്ല; എസ്‌ഐആര്‍ ശരിവച്ച് സുപ്രിം കോടതി

തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ ‘പാപി’ എന്ന് വിശേഷിപ്പിച്ച ഖാന്‍, അദ്ദേഹം ഉടന്‍ ജയിലില്‍ പോകേണ്ടി വരുമെന്നും പരിഹസിച്ചു. 2021-ല്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തവര്‍ ഇപ്പോള്‍ അതിന്റെ ഫലം അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അഭിഷേകിന്റെ വസതിക്ക് മുന്നില്‍ വരെ ബുള്‍ഡോസറെത്തിയെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്ത തള്ളി തൃണമൂല്‍

സൗമിത്ര ഖാന്റെ അവകാശവാദങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായും തള്ളി. ബിജെപി നേതാവ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അത്തരത്തില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും തൃണമൂല്‍ എംപി സൗഗത റോയ് പ്രതികരിച്ചു.

100ഓളം കൗണ്‍സിലര്‍മാര്‍ രാജിവച്ചു

വിവിധ നഗരസഭകളില്‍ നിന്നായി ഏകദേശം 100 തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇതിനകം രാജിവെച്ചിട്ടുണ്ട്. ഭട്ട്പാര നഗരസഭയില്‍ 35-ല്‍ 30 കൗണ്‍സിലര്‍മാരും രാജിവെച്ചതോടെ ഭരണം പ്രതിസന്ധിയിലായി. ഹാലിസഹര്‍, കാഞ്ചന്‍പാറ നഗരസഭകളിലും സമാനമായ രീതിയില്‍ കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടു.

അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി മുന്‍ മന്ത്രി സുജിത് ബോസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റിലായതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പല നഗരസഭകളിലും ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് രാജിവെച്ച നേതാക്കള്‍ ആരോപിക്കുന്നു.

തൃണമൂല്‍ എംപി കാകൊളി ഘോഷ് ദസ്തിദാര്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വൈ-കാറ്റഗറി സുരക്ഷ അനുവദിച്ചതും ശ്രദ്ധേയമാണ്.

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത അസംതൃപ്തിയും അഴിമതി ആരോപണങ്ങളും മമത ബാനര്‍ജിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കൗണ്‍സിലര്‍മാര്‍ രാജിവെക്കരുതെന്ന് മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചെങ്കിലും പലയിടത്തും രാജി തുടരുകയാണ്.