ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പുതുക്കല്‍ പ്രക്രിയ (Special Intensive Revision – SIR) നടപ്പിലാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ (ECI) വിവേചനാധികാരം സുപ്രീം കോടതി ശരിവെച്ചു. ഏറെ നാളായി രാജ്യം ഉറ്റുനോക്കിയിരുന്ന നിര്‍ണായക വിധിയിലാണ്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഒരു നിയമത്തിന്റെയോ ഭരണഘടനാ വ്യവസ്ഥകളുടെയോ ലംഘനമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
|
കൂടാതെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി. എസ്ഐആര്‍ എന്നത് പിന്‍വാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹര്‍ജിക്കാരും പ്രതിപക്ഷവും ഉയര്‍ത്തിയ തടസ്സവാദങ്ങള്‍ കോടതി തള്ളി.
വോട്ടര്‍ പട്ടികയില്‍ നിന്ന് ഒരാളുടെ പേര് ഒഴിവാക്കുന്നത് കൊണ്ട് അയാള്‍ക്ക് പൗരത്വം നഷ്ടമാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പൗരത്വം നിശ്ചയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നും, എന്നാല്‍ വോട്ടര്‍ പട്ടികയില്‍ ഒരാളെ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പൗരത്വ പരിശോധനയുടെ പരിമിതമായ വശങ്ങള്‍ കമ്മീഷന് ഉപയോഗിക്കാമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. .
കൂടുതല്‍ കൃത്യതയാര്‍ന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു വോട്ടര്‍പട്ടികയിലേക്കുള്ള ചുവടുവെപ്പാണ് പ്രത്യേക തീവ്ര പുതുക്കല്‍ (SIR) എന്ന് കോടതി നിരീക്ഷിച്ചു. ഈ നടപടി ‘ഭരണഘടനയ്ക്ക് ജീവന്‍ നല്‍കുന്നതാണ്’ എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
തങ്ങളുടെ നിയമപരമായ അധികാര പരിധിക്ക് പുറത്തുപോയല്ല തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ അധികാരം വിനിയോഗിച്ചതെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. സാധാരണയായി നടത്തുന്ന വോട്ടര്‍പട്ടിക പുതുക്കലില്‍ നിന്ന് വ്യത്യസ്തമാണ് ഈ പ്രക്രിയ എന്നതുകൊണ്ട് മാത്രം ഇതിനെ നിയമവിരുദ്ധമായി കണക്കാക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്ന ഭരണഘടനാ ലക്ഷ്യവുമായി ഈ നടപടിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തങ്ങള്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നാല് പ്രധാന ചോദ്യങ്ങളും കോടതിയുടെ മറുപടിയും
പ്രത്യേക തീവ്ര പുതുക്കലിനെതിരെയുള്ള വെല്ലുവിളികളെ നാല് പ്രധാന ചോദ്യങ്ങളായി തരംതിരിച്ചാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്:
ഈ വോട്ടര്‍പട്ടിക പുതുക്കല്‍ കമ്മീഷന്റെ ഭരണഘടനാപരവും നിയമപരവുമായ അധികാരങ്ങള്‍ക്ക് അനുസൃതമാണോ?
കമ്മീഷന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ലക്ഷ്യപ്രാപ്തിക്ക് അനുയോജ്യമായതാണോ?
ഇത്തരം നടപടികള്‍ അത്യാവശ്യമായിരുന്നോ, അതോ മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ?
ലക്ഷ്യം കൈവരിക്കുന്നതിന്റെ പ്രാധാന്യവും ഭരണഘടനാപരമായ അവകാശങ്ങളുടെ പരിരക്ഷയും തമ്മില്‍ കൃത്യമായ സമതുലിതാവസ്ഥ നിലനിര്‍ത്തിയിട്ടുണ്ടോ?
ഈ ചോദ്യങ്ങള്‍ മുന്‍നിര്‍ത്തി കോടതി നടത്തിയ നിരീക്ഷണം ഇങ്ങനെയാണ്: ‘ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഈ കോടതിയും കാലാകാലങ്ങളില്‍ നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വോട്ടെടുപ്പിന്റെ സുതാര്യതയും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ സംരക്ഷണവും തമ്മില്‍ കൃത്യമായ ഒരു സമതുലിതാവസ്ഥ ഉറപ്പാക്കുന്നുണ്ട്. പരാതികള്‍ പരിഹരിക്കാനും തിരുത്തലുകള്‍ വരുത്താനും പൊതുജന പങ്കാളിത്തം ഉറപ്പാക്കാനും നിരവധി അവസരങ്ങള്‍ ഈ പ്രക്രിയയിലുടനീളം നല്‍കിയിട്ടുണ്ട്.’
വിവാദങ്ങള്‍ക്ക് വിരാമം
കഴിഞ്ഞ ഒരു വര്‍ഷമായി വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വലിയ വിവാദങ്ങള്‍ക്കാണ് ഇതോടെ അറുതിയായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ബിഹാറിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യമായി പ്രത്യേക തീവ്ര പുതുക്കല്‍ (SIR) പ്രക്രിയ ആരംഭിച്ചത്. ഇതിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഒരു കൂട്ടം ഹര്‍ജികള്‍ കോടതിയിലെത്തുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനും പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലുള്ള കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് കാരണമായ ഈ വിഷയത്തില്‍ കമ്മീഷന് ലഭിച്ച ഏറ്റവും വലിയ നിയമപരമായ അംഗീകാരമാണ് സുപ്രീം കോടതിയുടെ ഈ വിധി.
Supreme Court upholds Election Commission’s SIR



