വടകര കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ നടന്നത് വന്‍ ക്രമക്കേട്. നിക്ഷേപകന്റെ ആത്മഹത്യയോടെ പ്രതിക്കൂട്ടിലായ സൊസൈറ്റിയില്‍ 2.16 കോടി രൂപയുടെ വെട്ടിപ്പ് നടന്നെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തല്‍.
|
കരാര്‍ ജോലികള്‍ വ്യാജമായി കാണിച്ചും വാഹനങ്ങള്‍ അനുമതി ഇല്ലാതെ കൈമാറിയും പണം തട്ടി. 2022-24 കാലയളവിലാണ് തട്ടിപ്പ് നടന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവിനെയടക്കം പ്രതി ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.
ഇത്രയും വലിയ തട്ടിപ്പ് നടന്ന സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. 2013ലാണ് സംഘം ആരംഭിക്കുന്നത്. ആകര്‍ഷകമായ പലിശയായിരുന്നു നിക്ഷേപകരെ അടുപ്പിച്ചത്. ഇബ്രാഹിം ഹാജി മൂന്ന് വര്‍ഷം മുമ്പാണ് സഹകരണ സംഘത്തില്‍ നിക്ഷേപിച്ചതും. ഇദ്ദേഹവും ബന്ധുക്കളുമായി ഏകദേശം 22 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്.
ആദ്യഘട്ടങ്ങളില്‍ പലിശ ലഭിച്ചിരുന്നെങ്കിലും പിന്നീട് മുടങ്ങി. ഈ സാഹചര്യത്തിലാണ് ഇദ്ദേഹം പരാതിയുമായി സഹകരണ സംഘത്തിന്റെ അധികൃതരെ സമീപിക്കുന്നത്. സഹകരണ സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളുടെ അടുത്തും ഇദ്ദേഹം പരാതിയുമായി എത്തി. എന്നിട്ടും പണം ലഭിച്ചില്ല.
സംഘവുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും ഇബ്രാഹിം ഹാജി പണം ആവശ്യപ്പെട്ട് എത്തി. തുടര്‍ന്ന് ഇവര്‍ ഇബ്രാഹിം ഹാജിക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നു. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്തു. തുടര്‍ന്നാണ് ഇബ്രാഹിം ഹാജി ജീവനൊടുക്കാന്‍ തീരുമാനിച്ചത്.
സംഘത്തിന്റെ ഡയറക്ടര്‍ സുധീര്‍ കുമാറിന്റെ വീടിന്റെ മുന്നിലെത്തി തീകൊളുത്തിയ ഇബ്രാഹിം ഹാജി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. സുധീര്‍ കുമാറിനെതിരെ കേസെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വലിയ പ്രതിഷേധമാണ് നാട്ടുകാരില്‍ നിന്നുണ്ടാകുന്നത്.
Fraud of 2.16 crores in Kadathanad labor contract society


