03
Jun 2026
Wed
03 Jun 2026 Wed
shamna begum principal

തിരുവനന്തപുരം: ഭീകരവാദ ബന്ധം ആരോപിച്ചുള്ള പരാതികള്‍ തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്ന് വ്യക്തമാക്കി, ഡോ. ജി.ആര്‍ പബ്ലിക് സ്‌കൂളിലെ പിരിച്ചുവിടപ്പെട്ട പ്രിന്‍സിപ്പല്‍ എസ്. ഷംനാ ബീഗം സമര്‍പ്പിച്ച പരാതി ഉപരിനടപടികള്‍ക്കായി കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. സ്‌കൂള്‍ മാനേജ്മെന്റിനെതിരെ പരാതിക്കാരി വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും, കമ്മീഷന് ഇടപെടാന്‍ കഴിയുന്ന ഏക മേഖലയായ ‘ന്യൂനപക്ഷ പദവിയുടെ പേരിലുള്ള വിവേചനം’ പരാതിയില്‍ കൃത്യമായി വ്യക്തമാക്കിയിട്ടില്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ എ. അബ്ദുള്‍ റഷീദ് പറഞ്ഞു. അതേസമയം, കമ്മീഷന്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്നും താന്‍ ഹാജരാക്കിയ തെളിവുകള്‍ പോലും പരിഗണിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭീകരവാദ ആരോപണങ്ങള്‍, മാനസിക പീഡനം, സൈബര്‍ ആക്രമണം, ഒരു കത്തിന്റെ ഫോറന്‍സിക് പരിശോധന നടത്തണമെന്ന ആവശ്യം തുടങ്ങി നിരവധി കാര്യങ്ങള്‍ ഷംന തന്റെ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇവയൊന്നും കമ്മീഷന്റെ പരിധിയില്‍ വരുന്നതല്ലെന്നും അബ്ദുള്‍ റഷീദ് മാധ്യമങ്ങളോട് പറഞ്ഞു. പരാതിയിലെ വിവിധ വശങ്ങള്‍ വ്യത്യസ്ത ഏജന്‍സികള്‍ പരിശോധിക്കേണ്ടതുള്ളതിനാലാണ് ഉപരിനടപടികള്‍ക്കായി ഇത് ചീഫ് സെക്രട്ടറിക്ക് കൈമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ കമ്മീഷന് ഇടപെടാനാകില്ലെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. ഷംനയെ പ്രിന്‍സിപ്പലായി തിരിച്ചെടുക്കാനോ, സ്‌കൂളിലോ ക്വാര്‍ട്ടേഴ്‌സിലോ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കാനോ തന്റെ ഭാഗത്തുനിന്ന് നിര്‍ദ്ദേശം നല്‍കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ, ഭാഷാപരമായ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ മാത്രമാണ് കമ്മീഷന് അധികാരമുള്ളതെന്നും, എന്നാല്‍ പരാതിക്കാരി ഇവയൊന്നും പരാതിയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും റഷീദ് ചൂണ്ടിക്കാട്ടി.

കമ്മീഷനെതിരെ ഷംനാ ബീഗം

കമ്മീഷന്‍ തന്റെ പരാതിയില്‍ പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഷംനാ ബീഗം കുറ്റപ്പെടുത്തി. തന്റെ വാദങ്ങള്‍ തെളിയിക്കാന്‍ തയ്യാറാക്കിവെച്ചിരുന്ന നൂറിലധികം തെളിവുകള്‍ പരിശോധിക്കാന്‍ പോലും കമ്മീഷന്‍ വിമുഖത കാണിച്ചുവെന്ന് അവര്‍ പറഞ്ഞു.

‘എന്റെ ക്വാര്‍ട്ടേഴ്‌സില്‍ ബന്ധുക്കള്‍ വന്നു സന്ദര്‍ശിച്ചാല്‍ ഞാന്‍ ഭീകരവാദിയാകുമോ? എന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ ഇങ്ങനെയൊരു കമ്മീഷന്‍ കൊണ്ട് എന്താണ് കാര്യം?’ അവര്‍ ചോദിച്ചു. സ്‌കൂള്‍ മാനേജിംഗ് ട്രസ്റ്റി ആര്‍.എസ് ഹരികുമാര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് തന്നെ പിരിച്ചുവിട്ടതെന്നും, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മാത്രം സ്‌കൂളില്‍ ആറ് പ്രിന്‍സിപ്പല്‍മാരെയാണ് ഈ ട്രസ്റ്റി നിയമിക്കുകയും മാറ്റുകയും ചെയ്തതെന്നും ഷംന കൂട്ടിച്ചേര്‍ത്തു.

വിചിത്രമായ ആരോപണം

തീവ്രവാദ ബന്ധമുള്ളവരെ സ്‌കൂളില്‍ വിളിച്ചുവരുത്തിയെന്നും, വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പീഡിപ്പിച്ചെന്നും ആരോപിച്ചാണ് നെയ്യാറ്റിന്‍കര ജിആര്‍.പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഷംന ബീഗത്തെ മാനേജ്‌മെന്റ് പിരിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍, തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന എല്ലാ ആരോപണങ്ങളും പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പിരിച്ചുവിടപ്പെട്ട പ്രിന്‍സിപ്പല്‍ ഷംന ബീഗം വ്യക്തമാക്കിയിരുന്നു. മാനേജ്‌മെന്റിന്റെ ഈ നടപടി തികച്ചും വ്യാജമായ പരാതികളുടെ അടിസ്ഥാനത്തിലാണെന്നും തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന വലിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ആരോപിച്ചാണ് അവര്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയത്.

ഒരു ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളായതിനാലാണ് തനിക്കെതിരെ വളരെ എളുപ്പത്തില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്ന് ഷംന ബീഗം വ്യക്തമാക്കുന്നു. തന്നെയും കുടുംബത്തെയും ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് സ്‌കൂള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. യാതൊരുവിധ മുന്‍കൂര്‍ മുന്നറിയിപ്പും നല്‍കാതെയാണ് മാനേജ്‌മെന്റ് പെട്ടെന്ന് തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇതിന് മുന്നോടിയായി ബാലാവകാശ കമ്മീഷനിലേക്കും നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്കും തന്റെ പേരില്‍ ഒരു ഊമക്കത്ത് പോയിരുന്നു. വിവരാവകാശ നിയമപ്രകാരം പ്രിന്‍സിപ്പലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ എന്‍സിആര്‍ടിഇക്ക് കൈമാറണമെന്ന് ഈ കത്തില്‍ ആവശ്യപ്പെട്ടിരുന്നതായി ഷംന പറയുന്നു. ഈ കത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ഈ മാസം 23-ാം തീയതി സ്റ്റേഷനിലെത്താന്‍ പോലീസ് തനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ്, നിങ്ങളുടെ ഈ നടപടികള്‍ കാരണം സിബിഎസ്ഇ ഡയറക്ടര്‍ പോലും നിയമനടപടിക്ക് വിധേയമാകേണ്ട അവസ്ഥയാണെന്ന് ചൂണ്ടിക്കാണിച്ച് തന്നെ സ്‌കൂളില്‍ നിന്നും പുറത്താക്കിയത്.

ഭര്‍ത്താവിന്റെ പേരിലും ആരോപണം

താന്‍ വളരെ മോശപ്പെട്ട സ്ത്രീയാണെന്നും സ്‌കൂള്‍ ക്വാര്‍ട്ടേഴ്‌സിലെ താമസസ്ഥലത്തേക്ക് തീവ്രവാദ ബന്ധമുള്ളവരെ നിരന്തരം കൊണ്ടുവരാറുണ്ടെന്നുമാണ് കത്തിലുള്ളത്. കൂടാതെ തന്റെ ഭര്‍ത്താവ് സ്‌കൂളിലെ വനിതാ ജീവനക്കാരെയും ആയമാരെയും ലൈംഗിക ചുവയോടെ നോക്കുന്നുവെന്നും, പത്താം ക്ലാസില്‍ പഠിക്കുന്ന മകന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അവന്‍ മറ്റുള്ളവരെ ഉപദ്രവിക്കാറുണ്ടെന്നും ഉള്‍പ്പെടെയുള്ള തികച്ചും വ്യക്തിപരമായ അധിക്ഷേപങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തി നിര്‍ബന്ധപൂര്‍വ്വം രാജിവെയ്പ്പിക്കാനായിരുന്നു മാനേജ്‌മെന്റിന്റെ നീക്കം. എന്നാല്‍ നിരപരാധിയായ തന്റെ കുടുംബത്തെ വരെ ഈ വിവാദത്തിലേക്ക് അനാവശ്യമായി വലിച്ചിഴച്ച സാഹചര്യത്തില്‍, ഇതിലെ സത്യാവസ്ഥ മുഴുവന്‍ നിയമപരമായി തെളിയിച്ച ശേഷം മാത്രമേ താന്‍ പിന്നോട്ട് മാറൂ എന്ന ഉറച്ച നിലപാടിലാണ് ഷംന ബീഗം.

Kerala Minority Commission forwards ex-principal Shamna Begum’s terror allegation complaint to Chief Secretary