എറണാകുളം അയ്യപ്പന്‍ കാവില്‍ വഴിയാത്രചോദിച്ചെത്തിയ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച സ്‌കൂട്ടര്‍ യാത്രക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞു പൊലീസ്. ഒരുമാസം മുന്‍പ് നടന്ന സംഭവത്തില്‍ അറുപതിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് നോര്‍ത്ത് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നു പോലീസ് അറിയിച്ചു.
|
പട്ടാപ്പകല്‍ റോഡരികിലൂടെ നടന്നു പോയ യുവതിക്കു നേരെയാണ് പിന്നിലൂടെ വന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ ലൈംഗിക അതിക്രമം നടത്തിയത്. ഞെട്ടി തരിച്ച യുവതി പ്രതികരിക്കും മുന്‍പേ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കടന്നു കളഞ്ഞു. യുവതി പിറകിലോട്ട് നടക്കുന്നതും പരിസരത്ത് മറ്റൊരാള്‍ നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.സിസിടിവി ദൃശ്യങ്ങളടക്കം ചേര്‍ത്താണു മെയ് പതിനാറിന് നോര്‍ത്ത് പോലീസിനു മുന്നില്‍ പരാതി എത്തിയത്.
ഹെല്‍മെറ്റ് ധരിച്ച് എത്തിയ പ്രതിയെ വലയിലാക്കാന്‍ അന്ന് മുതല്‍ കഠിന പരിശ്രമത്തിലാണ് പോലീസ്. വണ്ടി കണ്ടെത്താന്‍ ഇതുവരെ അറുപതിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ഒടുവില്‍ ഒരു സിസിടിവിയില്‍ നിന്നാണ് ഹെല്‍മറ്റില്ലാത്ത ദൃശ്യം കിട്ടിയത്. ഇതിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്.
പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി. നഗരത്തില്‍ നമ്പര്‍ ഡീറ്റെക്ക്ഷന്‍ ക്യാമറകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തന രഹിതമായതാണ് പൊലീസിനെ വലച്ചത്. സ്വകാര്യ സ്ഥാപനങ്ങളിലെ ക്യാമറകള്‍ പരിശോധിച്ച് ആളെ കണ്ടെത്തുക എളുപ്പമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടി കാട്ടുന്നു.


