തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. പ്രജനനം സുഗമമാക്കുക വഴി മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം. ഇക്കാലയളവില്‍ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് കടലില്‍ പോയി മീന്‍ പിടിക്കാന്‍ വിലക്കുണ്ട്. രണ്ടുവള്ളങ്ങള്‍ ചേര്‍ന്ന് നടത്തുന്ന പെയര്‍ ട്രോളിംഗും കര്‍ശനമായി നിരോധിച്ചു.
|
ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെക്കും. അന്യസംസ്ഥാന ബോട്ടുകള്‍ക്ക് തീരത്ത് വിലക്കുണ്ട്. നിരോധനകാലത്ത് പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് ഇളവുണ്ട്. ചെറുവള്ളങ്ങള്‍ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം. തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ വരെ പോയി ഇവര്‍ക്ക് മീന്‍ പിടിക്കാം. നിരോധനം ലംഘിക്കുന്നവര്‍ കര്‍ശന നിയമ നടപടി നേരിടേണ്ടി വരും.
തീരപ്രദേശത്ത് പ്രത്യേക നിയന്ത്രണങ്ങള്‍
നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂര്‍ണമായി നിരോധിച്ചു. ഇന്‍ബോര്‍ഡ് എന്‍ജിന്‍ ബോട്ടുകള്‍ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകള്‍ക്കും നീണ്ടകര ഫിഷിങ് ഹാര്‍ബര്‍ വഴി പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും.
അഷ്ടമുടിക്കായലിന്റെ കിഴക്കന്‍തീരങ്ങളിലും കായല്‍മുഖങ്ങളിലുമുള്ള സ്വകാര്യ ബോട്ട്ജെട്ടികളിലും വാര്‍ഫുകളിലും യന്ത്രബോട്ടുകള്‍ക്ക് ലാന്‍ഡിങ് സൗകര്യം നല്‍കരുത്.
നിരോധനം ലംഘിച്ച് ട്രോളറുകള്‍ കടലില്‍ പോകുന്നതു തടയാന്‍ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ മേഖലകളിലെ എല്ലാ മറൈന്‍ ഇന്ധന പമ്പുകളും ജൂലായ് 28 വരെ അടച്ചിടും. നിരോധനം അവസാനിക്കുന്നതിന് തൊട്ടുമുന്‍പുള്ള മൂന്നുദിവസം ബോട്ടുകള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ഇളവുണ്ടാകും.
മുന്‍കൂര്‍ അനുമതിയില്ലാതെ കാനുകളിലോ കുപ്പികളിലോ ഇന്ധനം നല്‍കാന്‍ പാടില്ല. യന്ത്രബോട്ടുകള്‍ക്ക് അനധികൃതമായി ഇന്ധനം വിതരണം ചെയ്യുന്നില്ലെന്നതും ഉറപ്പാക്കണം. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യബന്ധനബോട്ടുകള്‍ നിരോധനം ആരംഭിക്കുംമുന്‍പ് കൊല്ലം തീരം വിട്ടുപോകണം.
തീരദേശങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ സബ് കളക്ടറുടെ ഏകോപനത്തില്‍ പ്രത്യേക എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തി. കൊല്ലം, കരുനാഗപ്പള്ളി തഹസില്‍ദാര്‍മാര്‍ അതത് പരിധികളില്‍ എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റുമാരായി പ്രവര്‍ത്തിക്കും.
അടിയന്തര സാഹചര്യങ്ങളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍മാരും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഉത്തരവുകള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ തീരദേശ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
52-day trawling ban starting from midnight until July 31


