തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വിണ ടിയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ 10.30ഓട് കൂടി കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി എത്തേണ്ടത്. വീണ അടക്കം ഒമ്പത് പേര്‍ക്കാണ് ഇ ഡി സമന്‍സ് അയച്ചിരിക്കുന്നത്.
|
നേരത്തെ റെയ്ഡിന്റെ ഭാഗമായി ചില ചോദ്യങ്ങൾ ഇഡി ചോദിച്ചിരുന്നു. അവർ നൽകിയ മറുപടിയിൽ വ്യക്തതയില്ല എന്ന നിലപാടിലായിരുന്നു ഇഡി. അതിന് പിന്നാലെയാണ് വീണയെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തുന്നത്. കേസിൽ ഇതാദ്യമായാണ് വീണയെ ഇ.ഡി. വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. നേരത്തെ വീണയുടെ പിതാവ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ, ഭർത്താവ് മുഹമ്മദ് റിയാസ് എം.എൽ.എ., സി.എം.ആർ.എൽ. എം.ഡി. എന്നിവരുടെ വീടുകളിലുൾപ്പെടെ ഇഡി റെയ്ഡ് നടത്തിയിരുന്നു.
സി.എം.ആർ.എൽ. കമ്പനി വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന കേസിൽ ഇ.ഡി. അന്വേഷണം തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും അനുമതി നൽകിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സി.എം.ആർ.എൽ. നൽകിയ അപ്പീൽ ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ബെഞ്ച് തള്ളിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പി.എം.എൽ.എ.) പ്രകാരമുള്ള അന്വേഷണം നടത്തുന്നതിനും താത്കാലികമായി സ്വത്ത് കണ്ടുകെട്ടുന്നതിനും ഇ.ഡി.ക്ക് മറ്റേതെങ്കിലും അന്വേഷണ ഏജൻസിയുടെ എഫ്.ഐ.ആറോ പരാതിയോ വേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. സുപ്രീംകോടതിയെ സമീപിക്കാൻ രണ്ടാഴ്ചത്തേക്ക് കടുത്ത നടപടികളിൽനിന്ന് സംരക്ഷണം നൽകണമെന്ന് സി.എം.ആർ.എലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.


