കാട്ടുപന്നി ശല്യം ഒഴിവാക്കാന്‍ വനംവകുപ്പ് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നു. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് വനംവകുപ്പ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ഏറ്റവും അടുത്തുള്ള ലൈസന്‍സുള്ള ഷൂട്ടറുടെ സേവനം എത്രയും വേഗം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപും കലക്ടര്‍ അനു കുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തിലാണ് ഈ ആപ്പിന്റെ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തത്. ആപ്ലിക്കേഷന്‍ തയ്യാറാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കലക്ടര്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കി. തുടക്കത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍ പിന്നീട് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 1658 കാട്ടുപന്നികളെയാണ് അധികൃതര്‍ വെടിവച്ചുകൊന്നത്.
|
പാമ്പുകളെ പിടികൂടാന്‍ വനംവകുപ്പ് നടപ്പാക്കിയ ‘സര്‍പ്പ’ (SARPA) ആപ്പിന്റെ മാതൃകയിലാണ് പുതിയ ആപ്പും തയ്യാറാക്കുന്നത്. ഏതെങ്കിലും പ്രദേശത്ത് കാട്ടുപന്നി ശല്യമുണ്ടായാല്‍, ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സമീപപ്രദേശങ്ങളിലെ ഷൂട്ടര്‍മാര്‍ക്ക് ഉടന്‍ തന്നെ അലര്‍ട്ട് സന്ദേശം ലഭിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വാര്‍ഡ് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ജാഗ്രതാ സമിതി കോ-ഓഡിനേറ്റര്‍മാര്‍ എന്നിവരുടെ ഫോണ്‍ നമ്പറുകളും ഈ ആപ്പില്‍ ഉള്‍പ്പെടുത്തും. ഷൂട്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ കൂടുതല്‍ ഷൂട്ടര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിപുലമായ പാനലും രൂപീകരിക്കും.
വന്യമൃഗങ്ങള്‍ താവളമാക്കുന്ന തരത്തില്‍ പൂട്ടിയിട്ടിരിക്കുന്ന എസ്റ്റേറ്റുകളും പുരയിടങ്ങളും വൃത്തിയാക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരും. ഇതിനായി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴിലുള്ള കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങള്‍ കൃത്യമായി മാപ്പ് (Map) ചെയ്യും. മലയോര മേഖലകളിലെ തോട്ടങ്ങളില്‍ വന്യമൃഗങ്ങള്‍ക്ക് ഒളിച്ചിരിക്കാന്‍ പാകത്തില്‍ വളര്‍ന്നുനില്‍ക്കുന്ന അടിക്കാടുകള്‍ വെട്ടിമാറ്റാന്‍ കര്‍ശന നടപടി സ്വീകരിക്കും.
കാട്ടുപന്നികള്‍ക്ക് പുറമെ കുരങ്ങ്, മയില്‍ തുടങ്ങിയ വന്യജീവികള്‍ ഉണ്ടാക്കുന്ന ശല്യം നിയന്ത്രിക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ പ്രാദേശിക ‘റെസ്‌പോണ്‍സ് ടീമുകള്‍'(Local Response Teams) രൂപീകരിക്കും. ഇവര്‍ക്ക് വനംവകുപ്പ് പ്രത്യേക പരിശീലനം നല്‍കും. ഇതിന്റെയെല്ലാം പ്രവര്‍ത്തന മേല്‍നോട്ടത്തിനായി പഞ്ചായത്ത് തലത്തില്‍ ഫോറസ്റ്റ് ലെയ്സണ്‍ ഓഫിസര്‍മാരെ നിയോഗിക്കാനും ജില്ലാതല യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ALSO READ: ബാഗ് അല്ല ജീവന്‍ രക്ഷിക്കൂ; പാസഞ്ചര്‍ സുരക്ഷാ കാംപയിനുമായി അയാട്ട


