11
Jun 2026
Thu
11 Jun 2026 Thu
Alima Bint Hashir to present paper in international science conference at Singapore

ജൂണ്‍ 14 മുതല്‍ 18 വരെ സിംഗപ്പൂര്‍ മാനേജ്‌മെന്റ് യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിക്കാന്‍ മലയാളിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനിയും. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കുന്ന കോണ്‍ഫറന്‍സിലാണ് ദോഹ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയും വയനാട് മുട്ടില്‍ കുട്ടമംഗലം സ്വദേശിനിയുമായ അലിമ ബിന്‍ത് ഹാഷിര്‍ പ്രബന്ധമവതരിപ്പിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകനും റിസര്‍ച്ച് അസിസ്റ്റന്റുമായ പി കെ ഹാഷിര്‍ – മുഹ്സിന ദമ്പതികളുടെ മൂത്ത മകളാണ് അലിമ. ഇന്റര്‍നാഷനല്‍ സൊസൈറ്റി ഓഫ് ഇന്‍ഡോര്‍ എയര്‍ ക്വാളിറ്റി ആന്‍ഡ് ക്ലൈമറ്റ് അന്താരാഷ്ട്ര കോണ്‍ഫറന്‍സിലാണ് അലിമ പ്രബന്ധം അവതരിപ്പിക്കുക. കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ നടന്ന ശാസ്ത്ര പ്രദര്‍ശനത്തില്‍ കുറഞ്ഞ ചെലവിലുള്ള എയര്‍ ഫില്‍ട്ടര്‍ മോഡല്‍ അലിമ അവതരിപ്പിച്ചിരുന്നു. വീടുകളിലും ക്ലാസ് മുറികളിലും വായു ഗുണനിലവാരം മെച്ചപ്പെടുത്താനും, ശ്വസിക്കുന്ന വായുവിലെ മൈക്രോപ്ലാസ്റ്റിക് കണികകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമായിരുന്നു അലിമ ഈ ഉപകരണം രൂപകല്‍പ്പന ചെയ്തത്. ടിഫിന്‍ ബോക്‌സ്, കാര്‍ എ.സി ഫില്‍ട്ടര്‍, ചെറിയ ഡി.സി ഫാന്‍ എന്നിവ മാത്രമാണ് ഇതിനായി ഉപയോഗിച്ചത്.ആര്‍. കോഴ്സി-റോസന്‍താല്‍ (Corsi-Rosenthal) ബോക്‌സ് എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അലിമ എയര്‍ ഫില്‍ട്ടര്‍ നിര്‍മിച്ചത്.

അലിമയുടെ ഈ കൊച്ചു പരീക്ഷണം യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോര്‍സി -റോസന്‍താല്‍ ഫൗണ്ടേഷന്‍ തങ്ങളുടെ ഔദ്യോഗിക ലിങ്ക്ഡ് ഇന്‍ പേജില്‍ പങ്കുവച്ചതോടെയാണ് അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഡീന്‍ പ്രഫസര്‍ റിച്ചാര്‍ഡ് കോര്‍സി, ടെക്‌സ്-എയര്‍ ഫില്‍ട്ടേഴ്‌സ് യു.എസ്.എ സി.ഇ.ഒ ജിം റോസന്‍താല്‍ എന്നിവരുള്‍പ്പെടെയുള്ള ശാസ്ത്ര പ്രമുഖര്‍ അലിമയെ അഭിനന്ദിച്ച് രംഗത്തെത്തി.

കൊച്ചുമിടുക്കിയിലെ പ്രതിഭയെ തിരിച്ചറിഞ്ഞ അന്താരാഷ്ട്ര ഗവേഷകര്‍ അലിമയുടെ പ്രോജക്റ്റിനെ ഒരു ശാസ്ത്രീയ റിസര്‍ച്ച് പേപ്പറായി വികസിപ്പിക്കാന്‍ മുന്നോട്ടുവരികയായിരുന്നു. അയര്‍ലന്റിലെ യൂനിവേഴ്‌സിറ്റി കോളജ് കോര്‍ക്കിലെ റിസര്‍ച്ച് ഫെലോ ഡോ. അസിത് കുമാര്‍ മിശ്ര, ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ മൈക്രോപ്ലാസ്റ്റിക്‌സ് ഗവേഷകന്‍ ഡോ. വീരസിംഗം സുബ്രമണ്യന്‍ എന്നിവരുടെ നേരിട്ടുള്ള മാര്‍ഗനിര്‍ദേശത്തിലാണ് അലിമ തന്റെ ഗവേഷണ പ്രബന്ധം പൂര്‍ത്തിയാക്കിയത്. ജൂണ്‍ 13ന് അലിമ സിംഗപ്പൂരിലേക്ക് തിരിക്കും. നഫീസ, സെയ്നബ്, ഖദീജ എന്നിവരാണ് അലിമയുടെ സഹോദരിമാര്‍.

ALSO READ: ഇറാനിലുടനീളം യുഎസ് ആക്രമണം; ഗള്‍ഫിലെ സൈനികതാവളങ്ങള്‍ക്കു നേരെ തിരിച്ചടിയുമായി ഇറാന്‍, ഹോര്‍മുസ് വീണ്ടും അടച്ചു