13
Jun 2026
Sat
13 Jun 2026 Sat
couples accuses clinic swaps their sample during IVF treatment

ഐവിഎഫ് ചികില്‍സയിലൂടെ ജനിച്ച ഇരട്ടക്കുട്ടികള്‍ തങ്ങളുടേതല്ലെന്ന് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ഞെട്ടി ദമ്പതികള്‍. ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. രാഹുല്‍ രാത്തോറും ഭാര്യ മീനു രാത്തോറുമാണ് കഴിഞ്ഞ വര്‍ഷം ഐവിഎഫ് ചികില്‍സയിലൂടെ ഗര്‍ഭധാരണത്തിനു ശ്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐവിഎഫ് ചികില്‍സയിലൂടെ മീനു ഗര്‍ഭിണിയാവുകയും ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ ഈ കുട്ടികള്‍ക്ക് തങ്ങളുടെ ഇരുവരുടെയും ഛായ ഇല്ലെന്ന തിരിച്ചറിഞ്ഞതോടെ ചികില്‍സയില്‍ ചതി നടന്നതായി ദമ്പതികള്‍ സംശയിച്ചു. തുടര്‍ന്ന് നിയമപരമായി ഡിഎന്‍എ പരിശോധന നടത്തുകയായിരുന്നു. ഇതോടെ കുട്ടികളുടെയും ദമ്പതികളുടെയും ഡിഎന്‍എ സാമ്യപ്പെടുന്നില്ലെന്നു കണ്ടെത്തി.

മറ്റു ദമ്പതികളുടെ അണ്ഡവും ബീജവും സംയോജിപ്പിച്ച് ഇത് മീനുവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നുവെന്ന്് ഇവര്‍ പരാതിപ്പെടുന്നു. ദമ്പതികള്‍ കോടതിയെ സമീപിച്ചതോടെ കേസെടുക്കാന്‍ കോടതി ലോക്കല്‍ പോലീസിനു നിര്‍ദേശം നല്‍കി. വിവാഹശേഷം കുട്ടികളുണ്ടാകാന്‍ വൈകിയതോടെ ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴായിരുന്നു ദമ്പതികളെ ഐവിഎഫ് ചികില്‍സയ്ക്ക് നിര്‍ദേശം ലഭിച്ചത്.

തുടര്‍ന്ന് 2025 ജനുവരിയില്‍ ഇരുവരും ഗ്രേറ്റര്‍ കൈലാഷിലെ ക്ലിനിക്കല്‍ ഐവിഎഫ് ചികില്‍സയ്‌ക്കെത്തി. തുടര്‍ന്ന് ഇവിടുത്തെ ഡോക്ടര്‍ ശിവാനി സച് ദേവ് ദമ്പതികളുടെ അണ്ഡവും ബീജവും ശേഖരിച്ചു. ഇത് ഭ്രൂണമാക്കി വളര്‍ത്തിയ ശേഷം മെയ് 14ന് മീനുവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയും ചെയ്തു. 2026 ജനുവരി അഞ്ചിനാണ് മീനു രണ്ട് പെണ്‍കുട്ടികളെ പ്രസവിച്ചത്.

ഡിഎന്‍എ പരിശോധനയില്‍ കുട്ടികള്‍ തങ്ങളുടേതല്ലെന്ന് വ്യക്തമായതോടെ തങ്ങളുടെ യഥാര്‍ഥ കുട്ടിയെ തിരികെ വേണമെന്ന ആവശ്യമാണ് ദമ്പതികള്‍ ഉയര്‍ത്തുന്നത്. തങ്ങളുടെ അണ്ഡവും ബീജവും സംയോജിപ്പിച്ചുണ്ടാക്കിയ ഭ്രൂണം മറ്റൊരു യുവതിയുടെ ഗര്‍ഭപാത്രത്തില്‍ ക്ലിനിക്കുകാര്‍ നിക്ഷേപിച്ചിരിക്കാമെന്നും ഇങ്ങനെ ജനിച്ച കുട്ടിയെ തങ്ങള്‍ക്കു തിരികെ വേണമെന്നുമാണ് ഇവരുടെ ആവശ്യം.

ALSO READ: രേണു സുധിക്ക് അര്‍ബുദ രോഗം