ലിസ്ബണ്‍: ഫുട്‌ബോള്‍ ചരിത്രത്തില്‍ ലയണല്‍ മെസ്സിക്ക് പോലും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ ലോക റെക്കോര്‍ഡ് സ്വന്തമാക്കി പോര്‍ച്ചുഗല്‍(Portugal) ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(Cristiano Ronaldo). ആറ് വ്യത്യസ്ത ഫിഫ ലോകകപ്പുകളില്‍ (2006, 2010, 2014, 2018, 2022, 2026) ഗോള്‍ നേടുന്ന ഭൂമിയിലെ ഒരേയൊരു താരമെന്ന ചരിത്ര നേട്ടമാണ് റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചത്. ഡിആര്‍ കോംഗോയ്ക്കെതിരായ ആദ്യ മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. തൊട്ടുപിന്നാലെ ഓസ്ട്രിയയ്ക്കെതിരെ ഇരട്ട ഗോള്‍ നേടി ലയണല്‍ മെസ്സി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി മാറിയതോടെ റൊണാള്‍ഡോയ്ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു.
|
എന്നാല്‍, വിമര്‍ശകര്‍ക്ക് തന്റെ ശൈലിയില്‍ തന്നെ റൊണാള്‍ഡോ മറുപടി നല്‍കി. ഉസ്‌ബെക്കിസ്ഥാനെതിരായ മത്സരത്തില്‍ ജാവോ കാന്‍സെലോ നല്‍കിയ ക്രോസ് കൃത്യമായി വലയിലെത്തിച്ച് ഈ 41-കാരന്‍ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു (1-0). ഗോള്‍ നേട്ടത്തിന് പിന്നാലെ തന്റെ വിഖ്യാതമായ ‘സീ’ (Siu) ആഘോഷവുമായി താരം കാണികളെ ആവേശത്തിലാഴ്ത്തി. മത്സരത്തിന്റെ 39-ാം മിനിറ്റില്‍ റൊണാള്‍ഡോ വീണ്ടും ലക്ഷ്യം കണ്ടു.
മെസ്സിയെ മറികടന്ന റെക്കോര്‍ഡ്
തുടര്‍ച്ചയായി ആറ് ലോകകപ്പുകളില്‍ കളിക്കുന്ന ചരിത്രത്തിലെ താരങ്ങളെന്ന റെക്കോര്‍ഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സിയും പങ്കിടുന്നുണ്ടെങ്കിലും, കളിച്ച എല്ലാ പതിപ്പുകളിലും ഗോള്‍ നേടാന്‍ റൊണാള്‍ഡോയ്ക്ക് മാത്രമാണ് സാധിച്ചത്. 2010-ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ മെസ്സിക്ക് ഗോള്‍ നേടാന്‍ സാധിക്കാതെ പോയതാണ് റൊണാള്‍ഡോയെ ഈ നേട്ടത്തില്‍ തനിച്ചാക്കിയത്. 2006-ലെ തന്റെ അരങ്ങേറ്റ ലോകകപ്പ് മുതല്‍ ഈ 2026 ലോകകപ്പില്‍ വരെ റൊണാള്‍ഡോ ഗോള്‍വേട്ട തുടര്‍ന്നു.
ഈ മത്സരത്തിലെ ഗോളുകളോടെ ലോകകപ്പില്‍ റൊണാള്‍ഡോയുടെ ആകെ ഗോള്‍ സമ്പാദ്യം ഒന്‍പതായി. നിലവില്‍ 18 ഗോളുകളുമായി ലയണല്‍ മെസ്സിയാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരന്‍.
അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡും (230 മത്സരങ്ങള്‍) ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡും (144 ഗോളുകള്‍) നിലവില്‍ റൊണാള്‍ഡോയുടെ പേരിലാണ്. 2022 ലോകകപ്പില്‍ ഘാനയ്ക്കെതിരെ നേടിയ ഗോളിന് ശേഷം വലിയ ടൂര്‍ണമെന്റുകളില്‍ റൊണാള്‍ഡോ നേരിട്ടിരുന്ന 10 മത്സരങ്ങളുടെ ഗോള്‍ വരള്‍ച്ചയ്ക്കാണ് ഈ മത്സരത്തോടെ അവസാനമായത്. ആദ്യ മത്സരത്തില്‍ ഡിആര്‍ കോംഗോയോട് സമനില വഴങ്ങിയ പോര്‍ച്ചുഗലിന്റെ ഈ ലോകകപ്പിലെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തില്‍ കൊളംബിയയോട് പരാജയപ്പെട്ടായിരുന്നു ഉസ്‌ബെക്കിസ്ഥാന്‍ പോര്‍ച്ചുഗലിനെ നേരിടാന്‍ ഇറങ്ങിയത്.
ഗൂപ്പ് കെ മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് (5-0) ആണ് പോര്‍ച്ചുഗല്‍ തകര്‍ത്തത്. പോര്‍ച്ചുഗലിനായി നുനോ മെന്‍ഡസ്, ജോവാവോ ഫെലിക്‌സ് എന്നിവരും ലക്ഷ്യം കണ്ടപ്പോള്‍ ഉസ്‌ബെക്കിസ്ഥാന്‍ താരം അബ്ദുകാദിര്‍ ഖുസാനോവിന്റെ വക ഒരു ഓണ്‍ ഗോളും പോര്‍ച്ചുഗലിന്റെ ഗോള്‍പട്ടിക തികച്ചു. ഈ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തില്‍ പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം.
Cristiano Ronaldo Fever Hits FIFA World Cup 2026 As Portugal Beat Uzbekistan 5-0


