21
Jul 2026
Tue
21 Jul 2026 Tue
vozinha and Suliphikkar opinion Dr KT Abdurabbu

ഡോ. കെ ടി അബ്ദുറബ്ബ് എഴുതുന്നു
‘ചില മനുഷ്യര്‍ നമ്മുടെ ജീവിതത്തിലേക്ക് തിരികെ വരുന്നത് കത്തിലൂടെയോ ഫോണിലൂടെയോ അല്ല… ചിലപ്പോള്‍ ഒരു ഫുട്‌ബോള്‍ മത്സരത്തിലൂടെയാണ്.’ ടെലിവിഷനില്‍ വോസിഞ്ഞയെ നോക്കിയിരുന്ന ഞാന്‍ അറിയാതെ പറഞ്ഞുപോയി. നമ്മുടെ സുല്‍ഫിയല്ലേ അത്?’ അരികിലിരുന്നവര്‍ കേട്ടിട്ടുണ്ടാവില്ല. കേട്ടാലും അവര്‍ക്ക് അതിന്റെ അര്‍ഥം മനസ്സിലാകുമായിരുന്നില്ല. കാരണം അവര്‍ കണ്ടത് കേപ് വെര്‍ദെയുടെ ഗോള്‍കീപ്പറെയായിരുന്നു. ഞാന്‍ കണ്ടത് നാല്‍പതു വര്‍ഷം മുമ്പ് തിരുവമ്പാടി കോസ്‌മോസിന്റെ ഗോള്‍പോസ്റ്റിന് കാവല്‍ നിന്നിരുന്ന സുല്‍ഫിക്കറെയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകകപ്പ് രാത്രി. അര്‍ജന്റീന-കേപ്‌വെര്‍ദെ മത്സരം. മുന്നില്‍ മെസ്സി. ലോകം മുഴുവന്‍ ശ്വാസം പിടിച്ചുനില്‍ക്കുന്ന നിമിഷം. പക്ഷേ വോസിഞ്ഞയുടെ മുഖത്ത് ഒരു പരിഭ്രമവുമില്ല. ഗോള്‍ലൈന്‍ വിട്ട് മുന്നോട്ട് വരുന്നു. പന്ത് കാലില്‍ വച്ച് ഒരു പ്രതിരോധക്കാരനെപ്പോലെ കളി വായിക്കുന്നു. മെസ്സി അടുത്തെത്തുന്നതുവരെ കാത്തുനില്‍ക്കുന്നു. പിന്നെ ഒരു ചെറിയ പാസ്. അത്ര മാത്രം. പക്ഷേ ആ ചെറിയ പാസാണ് എന്റെ മനസ്സില്‍ നാല്‍പത് വര്‍ഷം പഴക്കമുള്ള വാതില്‍ തുറന്നത്.
അടുത്ത നിമിഷംമുതല്‍ ലോകകപ്പ് കാണുകയായിരുന്നില്ല. ഞാന്‍ എന്റെ ഗ്രാമത്തിലായിരുന്നു. എഴുപതുകളുടെ മധ്യം. അന്ന് ഞങ്ങളുടെ മൈതാനത്തിന് ഒരു അതിരുമുണ്ടായിരുന്നില്ല. പള്ളിക്കടുത്തുള്ള ഖബര്‍സ്ഥാനിനോട് ചേര്‍ന്ന ചരല്‍ക്കല്ലുകള്‍ നിറഞ്ഞ തുറസ്സായ സ്ഥലം. ഒരു വലിയ ചീനിമരം. ചെറിയൊരു സ്‌കൂള്‍ കെട്ടിടം. ഖബര്‍സ്ഥാനിലെ ഒഴിഞ്ഞുകിടക്കുന്ന ഭാഗം. ഗ്രാമത്തിലേക്കുള്ള ഏക ബസ് ‘തലതിരിക്കാന്‍’ കൂടി ഉപയോഗിച്ചിരുന്നസ്ഥലം. അവയൊക്കെയായിരുന്നു ഞങ്ങളുടെ ഫുട്‌ബോള്‍ മൈതാനങ്ങള്‍.

പന്ത് ചിലപ്പോള്‍ പാതി കുഴിച്ചു വച്ച ഖബറുകള്‍ക്കിടയിലേക്ക് ഉരുണ്ടുപോകും. അപ്പച്ചെടികളും തൊട്ടാവാടികളും മാറ്റി ആരെങ്കിലും ഓടിപ്പോയി അത് എടുത്തുകൊണ്ടുവരും. കളി വീണ്ടും തുടങ്ങും. അത്രയേ ഉണ്ടായിരുന്നുള്ളൂ ഞങ്ങളുടെ നിയമങ്ങള്‍. ബൂട്ടില്ല. ജഴ്‌സിയില്ല. ചിലപ്പോള്‍ പന്തുപോലും ഞങ്ങളുടേതായിരുന്നില്ല. പക്ഷേ സ്വപ്‌നങ്ങള്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ഫുട്‌ബോള്‍ കാണുന്ന തലമുറയായിരുന്നില്ല. ഫുട്‌ബോള്‍ ജീവിച്ച തലമുറയായിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ടാല്‍ പുസ്തകങ്ങള്‍ വീട്ടിലേക്കും ഞങ്ങള്‍ മൈതാനത്തേക്കുമായിരുന്നു. സൂര്യന്‍ അസ്തമിക്കുന്നതുവരെ കളി. വീട്ടില്‍ നിന്ന് ആരെങ്കിലും വിളിക്കാന്‍ വരുന്നതുവരെ കളി. ഇരുട്ടായാലും പന്ത് കാണാതാകുന്നതുവരെ കളി. അങ്ങനെയൊരു മൈതാനത്തിലേക്കാണ് സുല്‍ഫിക്കര്‍ വരാറുണ്ടായിരുന്നത്.

എന്നേക്കാള്‍ സീനിയറായിരുന്നു. ഞാന്‍ പഠിച്ച അതേ സ്‌കൂളില്‍ തന്നെയായിരുന്നു അവനും പഠിച്ചത്. അധികം സംസാരിക്കുന്ന ആളായിരുന്നില്ല. പക്ഷേ പന്ത് കാലില്‍ കിട്ടിയാല്‍ സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു. അവന്‍ കളിച്ചാല്‍ മതി. പിന്നീട് അവന്‍ പിതാവിന്റെ നാടായ തിരുവമ്പാടിയിലേക്ക് പോയി. പക്ഷേ സ്‌കൂള്‍ അവധിക്കാലങ്ങളില്‍ ഉമ്മയുടെ നാടായ ചേന്ദമംഗല്ലൂരിലേക്ക് വീണ്ടും വരുമായിരുന്നു. ഞങ്ങള്‍ക്കത് വലിയ സന്തോഷമായിരുന്നു. കാരണം സുല്‍ഫി വന്നാല്‍ കളിയുടെ കഥമാറും. ഞാന്‍ മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ പഠിക്കുന്ന കാലം. സുല്‍ഫി അപ്പോഴേക്കും വലിയ കുട്ടിയായിരുന്നു. പക്ഷേ കളിയില്‍ ഞങ്ങള്‍ തമ്മില്‍ അകലം ഉണ്ടായിരുന്നില്ല. ഫുട്‌ബോള്‍ പ്രായം ചോദിക്കില്ല. കളിക്കാന്‍ അറിയാമോ എന്നേ ചോദിക്കൂ.

ആശാരിക്കണ്ടി ബഷീര്‍. അവന്റെ ജേഷ്ഠന്‍ ഇഖ്ബാല്‍. താഹിര്‍. ഫസലുല്‍ ഹഖ്. മുജീബ്. ഗോപാലന്‍. ചാലക്കല്‍ നാസിര്‍. ഷംസു എത്രയോ മുഖങ്ങള്‍. ഇന്നും ആ പേരുകള്‍ മനസ്സിലൂടെ കടന്നുപോകുമ്പോള്‍ ഒരു മൈതാനം മുഴുവന്‍ ജീവനോടെ മുന്നില്‍ നില്‍ക്കുന്നു. സുല്‍ഫിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അദ്ദേഹത്തിന്റെ കളിയല്ല. അദ്ദേഹത്തിന്റെ സ്വഭാവമാണ്. കായികശേഷി മറ്റുള്ളവരേക്കാള്‍ കൂടുതലായിരുന്നു.പക്ഷേ അതിന്റെ അഹങ്കാരം ഉണ്ടായിരുന്നില്ല. ഫൗള്‍ ചെയ്യുന്നത് കണ്ടിട്ടില്ല. അനാവശ്യമായി തര്‍ക്കിക്കുന്നതും കണ്ടിട്ടില്ല. കളി കഴിഞ്ഞാല്‍ ജയിച്ചവന്റെയും തോറ്റവന്റെയും കൂടെ ഒരേപോലെ ചിരിക്കുന്നയാള്‍.

കാലം കടന്നുപോയി. ഞാനും വളര്‍ന്നു. പഠനവും ജീവിതവും ഓരോരുത്തരെയും ഓരോ വഴിക്കു കൊണ്ടുപോയി. എണ്‍പതിന് മധ്യം കഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് ഒരു ദിവസം കേട്ടത്. ‘സുല്‍ഫി ഇപ്പോള്‍ കോസ്‌മോസിന്റെ ഗോളിയാണെന്ന്.’ വിശ്വസിക്കാന്‍ തോന്നിയില്ല. കുറച്ച് ദിവസങ്ങള്‍ക്കുശേഷം ഒരു സെവന്‍സ് മത്സരത്തില്‍ കോസ്‌മോസിനെതിരെയായിരുന്നു ഞങ്ങള്‍ക്ക് കളിക്കേണ്ടത്. അതെ. അവരുടെ ഗോള്‍കീപ്പര്‍ ഞങ്ങളുടെ സുല്‍ഫിയെന്ന സുള്‍ഫിക്കര്‍ തന്നെയായിരുന്നു. പക്ഷേ ഗോള്‍പോസ്റ്റിന് മുന്നില്‍ നില്‍ക്കുന്ന ആ മനുഷ്യന് ബാല്യത്തിലെ സുല്‍ഫിയേക്കാള്‍ മറ്റൊരു ഭാവമുണ്ടായിരുന്നു. ശാന്തമായ ശരീര ഭാഷ. തികഞ്ഞ ആത്മവിശ്വാസം. ഷോട്ട് വരുന്നതിന് മുമ്പേ അതിന്റെ ദിശ വായിച്ചെടുക്കുന്ന കണ്ണുകള്‍. ഒരു പോസ്റ്റില്‍ നിന്ന് മറ്റൊന്നിലേക്ക് പറന്നെത്തുന്ന ഡൈവുകള്‍. കാണികള്‍ കൈയടിച്ചത് സേവുകള്‍ക്കായിരുന്നു.

ഞാന്‍ നോക്കിയത് മറ്റൊന്നായിരുന്നു. പന്ത് കാലില്‍ കിട്ടുമ്പോള്‍ സുല്‍ഫിയെന്നഗോള്‍കീപ്പര്‍ അപ്രത്യക്ഷമാകുന്നു. അവിടെ ഒരു പ്രതിരോധക്കാരന്‍ നില്‍ക്കുന്നു. ചിലപ്പോള്‍ ഒരു മിഡ്ഫീല്‍ഡര്‍. ഡിഫന്‍സ് മുന്നോട്ട് കയറിയാല്‍ പിന്നില്‍ നിന്നത് സുല്‍ഫിയായിരുന്നു. ചിലപ്പോള്‍ പന്തുമായി സെന്റര്‍ സര്‍ക്കിളുവരെ എത്തും. ഇന്ന് ഫുട്‌ബോള്‍ ലോകം അതിനെ ‘സ്വീപ്പര്‍ കീപ്പര്‍’ എന്ന് വിളിക്കുന്നു. അന്ന് ഞങ്ങള്‍ അതിന് ഒരു പേരും നല്‍കിയിരുന്നില്ല. അത് സുല്‍ഫിയുടെ കളിയായിരുന്നു. സുല്‍ഫിയുടെ യഥാര്‍ഥ കളി കണ്ടത് ഗോള്‍പോസ്റ്റിലല്ല. ഗോള്‍പോസ്റ്റിന് പുറത്തായിരുന്നു. പന്ത് കൈയില്‍ കിട്ടിയാല്‍ മിക്ക ഗോള്‍കീപ്പര്‍മാരും അത് കഴിയുന്നത്ര ദൂരെ അടിച്ചയയ്ക്കും. സുല്‍ഫി അങ്ങനെയായിരുന്നില്ല. പന്ത് ആദ്യം താഴെയിറക്കും. ഒന്ന് തല ഉയര്‍ത്തി നോക്കും. മുന്നില്‍ ആരൊക്കെയുണ്ടെന്ന് വായിക്കും. പിന്നെ മാത്രമേ അടുത്ത നീക്കം നടത്തൂ. അദ്ദേഹം ഗോള്‍ കാക്കുക മാത്രമായിരുന്നില്ല. കളി നിയന്ത്രിക്കുകയായിരുന്നു. ചിലപ്പോള്‍ ഗോള്‍കീപ്പറാണെന്ന കാര്യം പോലും മറന്നുപോകും. ആത്മവിശ്വാസമുണ്ടെങ്കില്‍ ഒരു ഗോള്‍കീപ്പര്‍ക്കും കളിയുടെ ഹൃദയഭാഗത്ത് ജീവിക്കാനാകുമെന്ന് ആദ്യമായി മനസ്സിലാക്കിയത് പന്തുമായി സെന്റര്‍ സര്‍ക്കിളിലേക്ക് ഓടിക്കയറുന്ന സുല്‍ഫിയെ കണ്ടാണ്…

കേരളത്തിലെ സെവന്‍സ് ഫുട്‌ബോളിന്റെ സുവര്‍ണകാലമായിരുന്നു അത്. സെവന്‍സ് ഒരു സാധാരണ ടൂര്‍ണമെന്റ് ആയിരുന്നില്ല. ഓരോ ഗ്രാമത്തിന്റെയും അഭിമാനമായിരുന്നു. ഓരോ ഗ്രാമത്തിനും സ്വന്തം ടീം ഉണ്ടായിരുന്നു. സ്വന്തം കഥയും. ഒരു ട്രോഫി ജയിക്കുന്നതിനേക്കാള്‍ വലിയ കാര്യം എതിരാളിയെ തോല്‍പ്പിക്കലായിരുന്നു. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പേ ആളുകള്‍ മൈതാനത്ത് എത്തും. കയറുകെട്ടിയ ടച്ച്ലൈനിനരികില്‍ സ്ഥലം പിടിക്കാന്‍. ചിലര്‍ മതിലുകളില്‍. ചിലര്‍ മരച്ചില്ലകളില്‍. ചിലര്‍ വീടുകളുടെ ടെറസുകളില്‍. കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട. നുഴഞ്ഞു കയറിവേലി കടക്കാന്‍ മാത്രം അറിയണം. അന്ന് സെവന്‍സ് മത്സരം തുടങ്ങുന്നതിന് മുമ്പ് മൈതാനത്തിന് ഒരു പ്രത്യേക ഗന്ധമുണ്ടായിരുന്നു. വരണ്ട മണ്ണിന്റെ ഗന്ധം. പച്ചപ്പുല്ലിന്റെ പുതുമ. വിയര്‍പ്പിന്റെ ഉപ്പ്. പെട്രോമാക്‌സ് വിളക്കിന്റെ ചൂട്. പുതിയ പന്തിന്റെ സ്പര്‍ശം. ആദ്യത്തെ സ്ലൈഡിങ് ടാക്കിള്‍ വീഴുന്നതോടെ ആ മണത്തില്‍ പൊടിയുടെ ഗന്ധവും കലരും. ആ പൊടി ഇന്നും ഓര്‍മയില്‍ അടങ്ങിയിട്ടില്ല.

കളി തുടങ്ങും. ലൗഡ് സ്പീക്കറില്‍ കമന്റേറ്ററുടെ ശബ്ദം മുഴങ്ങും. ‘പന്ത് ഇപ്പോള്‍ വലതുവിങ്ങിലൂടെ…’ കാണികള്‍ ഒരുമിച്ച് എഴുന്നേല്‍ക്കും. ഒരു നല്ല ഡ്രിബിള്‍. ഒരു പാസ്. ഒരു ഷോട്ട്. ഓരോ നീക്കത്തിനും സ്വന്തം അഭിപ്രായമുള്ള കാണികളായിരുന്നു അന്ന്. ആര്‍ക്കും മിണ്ടാതിരിക്കാനറിയില്ല. ഗാലറിയില്‍ നിന്ന്ആവേശം മൂത്ത് ആരെങ്കിലും ഉറക്കെ വിളിച്ചു പറയും… ‘അടി… മോനെ…’ മറ്റൊരാള്‍ പറയും… ‘പന്ത് വിടല്ലേ…’ മറ്റൊരാള്‍ റഫറിയെ ഉപദേശിക്കും. റഫറി കേള്‍ക്കില്ല. പക്ഷേ പറയുന്നവര്‍ക്ക് അതൊരു കടമയായിരുന്നു. ഇടയില്‍ ഒരു ഫൗള്‍ മതി. കളിക്കാരുടെ ശബ്ദം ഉയരും. പിന്നെ കാണികളുടേത്. അത് മതി. കയറിന് പുറത്തുനിന്നിരുന്ന കുറച്ചുപേര്‍ അകത്തേക്ക് ഇറങ്ങും. ചിലപ്പോള്‍ തള്ളും. ചിലപ്പോള്‍ പിടിച്ചുമാറ്റും. അപൂര്‍വമായി കൈയാങ്കളിയിലേക്കും പോകും. പക്ഷേ അതായിരുന്നു സെവന്‍സ്. വൈരവും ഉണ്ടായിരുന്നു. അതിലും വലിയ സൗഹൃദവും ഉണ്ടായിരുന്നു. കളി കഴിഞ്ഞാല്‍ അടിപിടിച്ചവര്‍ഒരേ ചായക്കടയില്‍ നിന്ന് ചായ കുടിച്ചുപൊറോട്ട തിന്നകാലം. അവരില്‍ ചിലര്‍ അടുത്ത ദിവസം ഒരേ ടീമിനുവേണ്ടി കളിക്കുകയും ചെയ്യും. ഫുട്‌ബോള്‍ മനുഷ്യരെ വേര്‍തിരിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്ന വിചിത്രമായൊരു കാലം. മാവൂരിലോ കൊടിയത്തൂരിലോ കളിക്കാന്‍ ഞങ്ങളുടെ ടീമിന് ചിലപ്പോള്‍ ഗോള്‍കീപ്പറില്ലാതെ വരും. ഗോള്‍ കീപ്പര്‍ അശ്‌റുവിന് പരിക്ക്. അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം. അപ്പോള്‍ ആരോ പറയും… ‘സുല്‍ഫിയോട് ചോദിച്ചാലോ?’ സുല്‍ഫി പറന്നെത്തും. പക്ഷെ അവന്‍ ഒരിക്കലും ചോദിക്കില്ല, എത്ര കിട്ടുമെന്ന് അങ്ങനെ ഒരു ചോദ്യംഅവന്‍ യങ് ഇന്ത്യന്‍സിന് വേണ്ടി കളിക്കുമ്പോള്‍ പോലും ചോദിച്ചിട്ടില്ല. കളിക്കാനാണ് വന്നത്. ഞങ്ങളോടൊപ്പം. അതുകൊണ്ട് മാത്രം. അവന്റെ പ്രതിഫലം മറ്റൊന്നായിരുന്നു. ചേന്ദമംഗല്ലൂരിലെ കുട്ടികളോടൊപ്പം വീണ്ടും ഒന്നിച്ചുകളിച്ച സന്തോഷം. അത് പ്രതിഫലത്തിന്റെ ബന്ധമായിരുന്നില്ല. പൊക്കിള്‍ക്കൊടി ബന്ധമായിരുന്നു….

ഉമ്മ നാടായ ചേന്ദമംഗല്ലൂര്‍ ഒരിക്കലും ആമനസ്സില്‍ നിന്ന് പോയിരുന്നില്ല. പലപ്പോഴും വീട്ടില്‍ പറയാതെ, പിതാവറിയാതെയാണ് ആദ്യകാലങ്ങളില്‍ സുല്‍ഫി ഗ്രൗണ്ടുകളില്‍ എത്തിയിരുന്നത്. എന്നാല്‍ എന്നാല്‍ സുല്ഫിയുള്ള എല്ലാ ഗ്രൗണ്ടിലുംഎങ്ങനെയോ പിതാവുമെത്തും.സുല്‍ഫിഅതറിയുക തിരിച്ചു വീട്ടിലെത്തുമ്പോഴായിരിക്കും.ആകളിയില്‍സുല്‍ഫി വരുത്തിയ വീഴ്ചകള്‍ ഒന്നൊന്നായി വിവരിക്കുമ്പോഴാണ്,ഒരുകോച്ചിനെപോലെ, തന്റെകളിപിതാവ്കാണുന്ന വിവരം സുല്‍ഫി തന്നെ അറിയുക. ആ തലമുറയിലെ എത്രയോ ഫുട്‌ബോള്‍ താരങ്ങളുടെ കഥ ഒരുപോലെ. മുട്ടുകള്‍ തകര്‍ന്നു. കണങ്കാലുകള്‍ ഒടിഞ്ഞു. നട്ടെല്ലില്‍ വേദന. ശരീരം മുഴുവന്‍ കളിയുടെ അടയാളങ്ങള്‍. പക്ഷേ മെഡലുകള്‍ ഇല്ല. പെന്‍ഷന്‍ ഇല്ല. സര്‍ക്കാരിന്റെ അംഗീകാരം ഇല്ല. അവരെ ഓര്‍ക്കാന്‍ ഫോട്ടോകള്‍ പോലും പലര്‍ക്കുമില്ല. അവശേഷിച്ചത് ചില മങ്ങിയ ഓര്‍മകള്‍ മാത്രം. അവ ഓര്‍ക്കാന്‍ ഇന്നും ജീവിച്ചിരിക്കുന്ന കുറച്ച് സുഹൃത്തുക്കള്‍. സുല്‍ഫിയും ആ തലമുറയിലെ ഒരാള്‍ തന്നെ. അവന്‍ ഗോള്‍കീപ്പര്‍ മാത്രമായിരുന്നില്ല. നല്ല മനുഷ്യനുമാണ്. അതുകൊണ്ടാവാം… ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, വോസിഞ്ഞയുടെ മുഖത്ത് ഞാന്‍ ആദ്യം കണ്ടത് അദ്ദേഹത്തിന്റെ കളിയല്ല… സുല്‍ഫിയുടെ മുഖമായിരുന്നു.

സുല്‍ഫിയെക്കുറിച്ച് ഓര്‍ത്തുകൊണ്ടിരിക്കുമ്പോഴാണ് കലണ്ടറിലേക്ക് കണ്ണുപോയത്. ഇന്ന് ജൂലൈ 21. ആ തീയതി എന്നെ വീണ്ടും മറ്റൊരു ഫുട്‌ബോള്‍ ഓര്‍മയിലേക്ക് കൊണ്ടുപോയി. അബ്ദുല്‍ സലാം പുതിയോട്ടില്‍. ഞങ്ങളുടെ തലമുറയ്ക്ക് തൊട്ടുമുമ്പുള്ള തലമുറയിലെ മറ്റൊരു അത്ഭുതം. സുല്‍ഫി ഗോള്‍പോസ്റ്റിന്റെ കാവല്‍ക്കാരനായിരുന്നെങ്കില്‍, സലാം ഗോള്‍ കണ്ടെത്തിയ മനുഷ്യനായിരുന്നു. പന്ത് കാലില്‍ കിട്ടുമ്പോള്‍ മൈതാനം മാറിപ്പോകുമായിരുന്നു. അദ്ദേഹത്തിന്റെ വേഗത. ഇരുകാലുകള്‍ കൊണ്ടുമുള്ള ഷൂട്ടിംഗ് മികവ്. ആത്മവിശ്വാസം. കേരളത്തിലെ സെവന്‍സ് മൈതാനങ്ങളില്‍ ഒരുകാലത്ത് മുഴങ്ങിയ പേര്. സലാം. അതൊരു പേരല്ലായിരുന്നു. ആവേശമായിരുന്നു. സലാമിനെക്കുറിച്ച് എഴുതുമ്പോള്‍ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്… ഞങ്ങളുടെ നാട്ടില്‍ മെസ്സിയെപ്പോലെ ആരാധിക്കപ്പെട്ട കളിക്കാരനായിരുന്നു അദ്ദേഹം.

പന്തുമായി മുന്നേറുമ്പോള്‍ കാണികളുടെ കണ്ണുകള്‍ അദ്ദേഹത്തെ പിന്തുടരും. പക്ഷേ വ്യത്യാസം ഒന്നേയുള്ളൂ. മെസ്സിക്ക് ലോകം മുഴുവന്‍ സാക്ഷികളുണ്ട്. സലാമിന് സാക്ഷികളായത് പൊടിപടലങ്ങള്‍ നിറഞ്ഞ കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മൈതാനങ്ങളായിരുന്നു. സെവന്‍സ്, ലവന്‍സ് മൈതാനങ്ങളില്‍ ആപേര് ഒരു അടയാളമായിരുന്നു. സലാം അഖിലേന്ത്യാ ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ചു. ഗോളുകള്‍ അടിച്ചു കൂട്ടി. പിന്നീട് കര്‍ണാടക സംസ്ഥാനത്തിനായി സന്തോഷ് ട്രോഫിയിലും കളിച്ചു. മധുര കോട്ട്‌സ് പോലുള്ള പ്രമുഖ ടീമുകളുടെ ജേഴ്‌സി അണിഞ്ഞു. ഗോള്‍ അടിക്കാന്‍ ഒരാളെ വേണമെങ്കില്‍, ടീമുകള്‍ ആദ്യം ഓര്‍ക്കുന്ന പേരുകളില്‍ ഒന്ന് സലാമിന്റേതായിരുന്നു. പക്ഷേ ഫുട്‌ബോളിന്റെ ഏറ്റവും വലിയ ദുഃഖം എന്താണെന്ന് അറിയാമോ? കാലം എല്ലാവരോടും ഒരേ നീതി കാണിക്കില്ല. ചിലരുടെ പേരുകള്‍ സ്റ്റേഡിയങ്ങളുടെ ചുവരുകളില്‍ എഴുതപ്പെടും. ചിലരുടെ പേരുകള്‍ സുഹൃത്തുക്കളുടെ ഓര്‍മകളില്‍മാത്രം അവശേഷിക്കും. സലാമിനും അങ്ങനെ തന്നെയായി.

ഒരു കാലത്ത് ആയിരങ്ങള്‍ കൈയടിച്ച താരം. പിന്നീട് ജീവിതത്തിന്റെ വഴിയില്‍ ഒരു സാധാരണ പ്രവാസി. ഗള്‍ഫിലെ ജോലി. നാടിന്റെ നിശ്ശബ്ദത. 2020 ജൂലൈ 21ന് സലാം സ്വന്തം ഗ്രാമത്തില്‍ വിടപറഞ്ഞപ്പോള്‍… അദ്ദേഹത്തിന്റെ അടുത്തുള്ള പലര്‍ക്കും അറിയില്ലായിരുന്നു, ഒരിക്കല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശ്രദ്ധ നേടിയ ഒരു കളിക്കാരനാണ് അവരുടെ ഇടയില്‍ ജീവിച്ചിരുന്നതെന്ന്. അവര്‍ അറിഞ്ഞത് ഗള്‍ഫില്‍ നിന്ന് മടങ്ങിവന്ന സലാമിനെ മാത്രമാണ്. ഫുട്‌ബോള്‍ ലോകം അറിഞ്ഞത് ഒരു അത്ഭുത സ്ട്രൈക്കര്‍ സലാമിനെ. ഇരുവരും ഒരേ മനുഷ്യനായിരുന്നു. പക്ഷേ കാലം അദ്ദേഹത്തിന്റെ ആദ്യത്തെ മുഖം മറച്ചിരുന്നു. അതുകൊണ്ടാണ് ‘സലാം ഫുട്‌ബോള്‍’ എന്ന പുസ്തകം തയ്യാറാക്കിയത്.

ഒരു മനുഷ്യന് മരണശേഷം വലിയൊരു സ്മാരകം പണിയാന്‍ വേണ്ടിയല്ല. അദ്ദേഹത്തെ അറിയാത്ത തലമുറയോട് ഒരു ചെറിയ കാര്യം പറയാന്‍. ‘ഈ മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു. പന്തിനെ സ്‌നേഹിച്ചിരുന്നു.’ സലാമിനെ ഓര്‍ക്കുമ്പോള്‍ എനിക്ക് സുല്‍ഫിയെയും ഓര്‍മ വരുന്നു. കാരണം അവര്‍ ഏറെക്കുറെ ഒരേ കാലഘട്ടത്തിന്റെ മക്കളാണ്. ആത്മാര്‍ത്ഥമായി കളിച്ചവരാണ്. മൈതാനത്തിന്റെ പൊടിയെ അഭിമാനമായി കരുതിയവരാണ്. കാല്‍മുട്ടിലെ വേദനയെക്കാള്‍ പന്തിനോടുള്ള സ്‌നേഹത്തിന് വില നല്‍കിയവരാണ്. അവര്‍ക്ക് ഫുട്‌ബോള്‍ ഒരു തൊഴില്‍ ആയിരുന്നില്ല. ജീവിതമായിരുന്നു. ഇന്ന് സുല്‍ഫിക്കര്‍ ഒരു മുത്തച്ഛനാണ്. കളിക്കളത്തില്‍ നിന്ന് അവന്‍ ഏറെക്കാലം മുമ്പ് മാറി. പക്ഷേ ഫുട്‌ബോളില്‍ നിന്ന് ഒരിക്കലും മാറിയില്ല. തിരുവമ്പാടിയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ പ്രധാന സാന്നിധ്യമായ ഫ്രാന്‍സിസിനൊപ്പം നിരവധി യുവാക്കളെ പരിശീലിപ്പിച്ചു. താന്‍ വിശ്വസിച്ച ഫുട്‌ബോളിന്റെ മൂല്യങ്ങള്‍ അടുത്ത തലമുറയിലേക്ക് കൈമാറി.

കാലം മാറി. കളി മാറി. മൈതാനങ്ങള്‍ മാറി. പന്തുകള്‍ മാറി. പക്ഷേ സ്‌നേഹം വറ്റാതെ നിലനില്‍ക്കുന്നു. വീണ്ടും ആ ലോകകപ്പ് രാത്രിയിലേക്ക് ഞാന്‍ മടങ്ങുന്നു. വോസിഞ്ഞ മെസ്സിക്കെതിരെ നില്‍ക്കുന്നു. ലോകം ആ ഗോള്‍കീപ്പറെ കാണുന്നു. ഞാന്‍ മറ്റൊരാളെ കാണുന്നു. കോസ്‌മോസിന്റെ സുല്‍ഫിയെ. പിന്നെ ആരവമായിഒരു പേര് കൂടി കേള്‍ക്കുന്നു. സലാം. പൊടിമൈതാനങ്ങളില്‍ നിന്ന് ഉയര്‍ന്ന ആ വിളി. ഒരുപക്ഷേ ഫുട്‌ബോള്‍ അതാണ്. നമ്മള്‍ പുതിയ കളികള്‍ കാണുന്നു എന്ന് കരുതും. പക്ഷേ യഥാര്‍ഥത്തില്‍ ഫുട്‌ബോള്‍ നമ്മളില്‍ നിന്ന് ഒരിക്കലും പോയിട്ടില്ലാത്ത പഴയ ഓര്‍മകളെ തിരികെ വിളിക്കുകയാണ്. ഒരു പാസ്. ഒരു ഡൈവ്. ഒരു ഗോള്‍. ഒരു പേര്. അതുമതി. പഴക്കമുള്ള ഒരു ലോകം വീണ്ടും മുന്നില്‍ തെളിഞ്ഞു നില്‍ക്കും. ടെലിവിഷനില്‍ ഞാന്‍ കണ്ടത് കേപ് വെര്‍ദെയുടെ ഗോള്‍കീപ്പര്‍ വോസിഞ്ഞയായിരുന്നു. പക്ഷേ എന്റെ മനസ്സില്‍… അത് സുല്‍ഫിക്കറായിരുന്നു. അത് കേരളത്തിന്റെ മറക്കപ്പെട്ട ഫുട്‌ബോള്‍ തലമുറയായിരുന്നു. അത് ഞങ്ങളുടെ ബാല്യമായിരുന്നു. പക്ഷേ ആ ഒരു നിമിഷത്തില്‍… ഞാന്‍ വീണ്ടും എന്നെത്തന്നെ കാണുകയായിരുന്നു.

ALSO READ: നാലാം പ്രസവത്തില്‍ നാലുമക്കള്‍; എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വാഹനം വാങ്ങാന്‍ സഹായം തേടി യുവതി