02
Jul 2026
Thu
02 Jul 2026 Thu
kerala rain

പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെട്ടത് മൂലം കേരളത്തില്‍ ഇന്നും മഴ തുടരും. പുലര്‍ച്ചെ മുതല്‍ വടക്കന്‍ കേരളത്തില്‍ തുടര്‍ച്ചയായ മഴ ലഭിക്കുന്നുണ്ട്. കൂടുതലും മഴ ലഭിക്കുന്നത് കോഴിക്കോട് മുതല്‍ വടക്കോട്ടുള്ള ജില്ലകളിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലത്തെ ഉപഗ്രഹ ചിത്രങ്ങളില്‍ ആലപ്പുഴ മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലും ഇടവേളകളോടെ മഴ ലഭിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ മഴയെത്തും.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഇന്ന് മഞ്ഞ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളില്‍ മഴ മുന്നറിയിപ്പുകള്‍ ഇല്ല (പച്ച അലര്‍ട്ട് ) . കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ 4 വരെയും കര്‍ണാടക തീരത്ത് ജൂലൈ അഞ്ചു വരെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

മഴ മുന്നറിയിപ്പുകള്‍ ഇപ്രകാരം- യെല്ലോ അലര്‍ട്ട്

ജൂലൈ 2 വ്യാഴം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

ജൂലൈ 3 വെള്ളി ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

ജൂലൈ 4 ശനി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

ജൂലൈ 5 ഞായര്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

ഇന്ന് ജൂലൈ രണ്ടിന് മൂന്ന് ജില്ലകളിലാണ് യെല്ലോ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് അലര്‍ട്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ. ഇവിടങ്ങളിലെല്ലാം മഴയോടൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടായേക്കും. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലോ ചിലയവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലോ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത.

ന്യൂനമര്‍ദത്തിന് സാധ്യത

മഹാരാഷ്ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇവയുടെ സ്വാധീനത്താല്‍ ജൂലൈ മൂന്നോടെ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്.

മഴയുടെ അളവില്‍ കുറവ്

ശക്തമായ മഴ ലഭിക്കേണ്ട മാസമാണ് ജൂണ്‍. എന്നാല്‍ 34 ശതമാനം മഴയുടെ കുറവാണ് കേരളത്തില്‍ ഇത്തവണ സംഭവിച്ചിരിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കാര്യമായ ചലനങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കിയില്ല. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും സമാന സ്ഥിതി തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് കനത്ത കുടിവെള്ള-വൈദ്യുതി ക്ഷാമം ഉള്‍പ്പെടെ ഉണ്ടായേക്കും.

ജൂണ്‍ മാസം ഒന്നാം തീയതി വരെ കേരളത്തില്‍ ശരാശരി 427.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. എന്നാല്‍ നേരത്തെ അത് 648.2 മില്ലിമീറ്റര്‍ വരെയായിരുന്നു. 20 ശതമാനം മുതല്‍ 59 ശതമാനം വരെ മഴയുടെ കുറവാണ് പല ജില്ലകളിലും രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 703.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടയിടത്ത്, കിട്ടിയത് വെറും 228.1 മില്ലിമീറ്റര്‍. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 328.5 മില്ലിമീറ്ററാണ് ഇവിടുത്തെ അളവ്.

North Kerala is expected to experience very heavy rainfall